ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം കണ്ടു മടുത്ത ഇന്ത്യയ്ക്ക് മുന്നില്‍ വെള്ളിവെളിച്ചം വിതറി അമ്പെയ്ത്തുകാര്‍. റിക്കേവ് ടീം വിഭാഗത്തില്‍ പുരുഷ ടീം ഫൈനലില്‍ പ്രവേശിച്ചു. രജത് ചൗഹാന്, സന്ദീപ്കുമാര്‍, അഭിഷേക് വര്‍മ എന്നിവരടങ്ങിയ ടീം സെമിയില്‍ ഇറാനെയാണ് തോല്പിച്ചത്. സ്കോര്‍: 231-227. നിലവിലെ സ്വര്‍ണമെഡല്‍ ജേതാക്കളായ ദക്ഷിണ കൊറിയയുമാണ് ഇന്ത്യയുടെ ഫൈനല്‍ പോരാട്ടം. അതേസമയം വനിതകള്‍ക്ക് രണ്ടു പോയിന്റ് വ്യത്യാസത്തില്‍ ഫൈനല്‍ ബര്‍ത്ത് നഷ്ടപ്പെട്ടു. സെമിയില്‍ ചൈനീസ് തായ്പേയോടാണ് ഇന്ത്യന്‍ വനിതകള്‍ തോറ്റത്. പുരുഷ വിഭാഗത്തില്‍ ആദ്യം ഒരു പോയിന്റിന് പിന്നില്‍ പോയ ഇന്ത്യ പിന്നീട് കണിശതയാര്‍ന്ന പ്രകടനം പുറത്തെടുത്താണ് തിരിച്ചുവന്നത്. മൊത്തം 15 തവണയാണ് ഇന്ത്യ പത്ത് പോയിന്റില്‍ അമ്പു കൊള്ളിച്ചത്. ഇറാന് 14 തവണയും. നിര്‍ണായകമായ അവസാന റൗണ്ടില്‍ ഇറാന് രണ്ട് ഒന്‍പതും ഒരു എട്ടും അടക്കം 26 പോയിന്റ് നേടിയപ്പോള്‍ ഇന്ത്യ രണ്ട് പത്തും ഒരു ഒന്‍പതും വഴി 29 പോയിന്റ് നേടിയാണ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്.
Comments