മധുരൈക്കടുത്ത് ഉസിലംപട്ടിയില്‍ ദുരഭിമാനക്കൊല നടന്നതായി പരാതി. ദളിത് സമുദായത്തില്‍പെട്ട യുവാവിനെ പ്രേമിച്ച് വിവാഹംകഴിച്ച വിമലാദേവി എന്ന 19-കാരിയാണ് കൊല്ലപ്പെട്ടത്. ഈ പെണ്‍കുട്ടിയുടെ കത്തിക്കരിഞ്ഞ ശരീരഭാഗങ്ങള്‍ വ്യാഴാഴ്ച രാവിലെയാണ് വീട്ടില്‍നിന്ന് പോലീസ് കണ്ടെടുത്തത്.
പെണ്‍കുട്ടിയുടെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാല്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് വീട്ടുകാര്‍ പറയുന്നത്. രണ്ട് വര്‍ഷത്തോളം പ്രണയത്തിലായിരുന്ന വിമലയും ദിലീപും ഇക്കഴിഞ്ഞ ജൂലായിലാണ് ഒളിച്ചോടി വിവാഹം കഴിച്ചത്.
പിന്നീട് വീട്ടുകാരുടെ സമ്മര്‍ദത്തിനുവഴങ്ങി വിമല ദിലീപിനെ വിട്ട് വീട്ടിലേക്ക് തിരിച്ചുപോയി. ഭാര്യയെ തിരിച്ചുകിട്ടുന്നതിന് ദിലീപ് നിയമമാര്‍ഗങ്ങള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ദാരുണസംഭവമുണ്ടായത്. വിമലയെ കാണാനില്ലെന്ന ദിലീപിന്റെ പരാതിയില്‍ അന്വേഷണം നടത്തിയപ്പോഴാണ് പോലീസിന് വിമലയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്താനായത്. അന്വേഷണത്തെത്തുടര്‍ന്ന് വിമലയുടെ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
Comments