റോഹ്തക് (ഹരിയാന): മോദി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. സ്വാതന്ത്യത്തിനുശേഷം ഒരു സര്‍ക്കാറും ഒന്നും ചെയ്യാത്തതുപോലെയാണ് മോദി സംസാരിക്കുന്നതെന്ന് സോണിയ കുറ്റപ്പെടുത്തി. ഹരിയാനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന വാഗ്ദാനത്തിന് എന്തുപറ്റിയെന്നും കോണ്‍ഗ്രസ് അധ്യക്ഷ ചോദിച്ചു.
തെരഞ്ഞെടുപ്പ് സമയത്ത് നല്കിയ ഏതെങ്കിലും വാഗ്ദാനം നടപ്പാക്കാന്‍ ഒരു ചെറിയ ചുവടുവെപ്പെങ്കിലും മോദി സര്‍ക്കാര്‍ നടത്തിയിട്ടുണ്ടോ. കള്ളപ്പണം തിരിച്ചുകൊണ്ടുവരാന്‍ എന്താണ് ചെയ്തത്. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനോ വിലക്കയറ്റം നിയന്ത്രിക്കാനോ ബി.ജെ.പി സര്‍ക്കാറിനായില്ല. രാജ്യത്തെ ഒറ്റ രാത്രികൊണ്ട് മാറ്റിമറിക്കാമെന്നായിരുന്നു അവര്‍ വാദ്ഗാനം നല്‍കിയതെന്നും സോണിയ ഗാന്ധി പറഞ്ഞു.
ഒരു രാജ്യം നിര്‍മിക്കപ്പെടുന്നത് ഒറ്റ രാത്രികൊണ്ടല്ല. അതിന് വര്‍ഷങ്ങളുടെ കഠിനാധ്വാനം ആവശ്യമുണ്ട്. കോണ്‍ഗ്രസിന്‍െറ കാലത്ത് ആരംഭിച്ച പദ്ധതികള്‍ ബി.ജെ.പി സര്‍ക്കാര്‍ ഹൈജാക്ക് ചെയ്യുകയാണന്നും സോണിയ കുറ്റപ്പെടുത്തി. ഹരിയാനയിലെ സിര്ഫ, മേഹം എന്നിവിടങ്ങളിലാണ് സോണിയ പ്രചാരണം നടത്തുന്നത്.
Comments