പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച ശശി തരൂര്‍ എം പിക്കെതിരെ പരോക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ മുഖപ്രസംഗം. മോദി പ്രശംസയുടെപേരില് സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ തരൂരിനെതിരെ രംഗത്തെത്തിയതിന് പിന്നാലെയാണിത്.
സ്വന്തം കിടപ്പറയിലിരുന്ന് ജാരനുനേരെ കണ്ണെറിയുന്നത് മ്ലേഛമാണെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനവും ഗാന്ധിജയന്തി നാളിലെ ശുചീകരണവും ചില വിദേശകാര്യ പണ്ഡിതന്മാരുടെ മനസിലിരുപ്പ് അനാവൃതമാക്കി. കോണ്‍ഗ്രസ് നല്കിയ പദവിയിലിരുന്ന് ജാരന് അടുക്കളവാതില്‍ തുറന്ന് കൊടുക്കുന്നതിലും ഭേദം ഉമ്മറ വാതിലിലൂടെ ജാരനൊപ്പം ഇറങ്ങിപ്പോകുന്നതാണ്.
ഒരു തിരഞ്ഞെടുപ്പ് പരാജയം താങ്ങാന്‍ കെല്‍പ്പില്ലാത്ത ഇത്തരം വിശുദ്ധപശുക്കള്‍ എത്രനാള്‍ പാര്‍ട്ടിക്കൊപ്പം ഉണ്ടാകുമെന്ന് മുഖപ്രസംഗത്തില്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. 'പുരയ്ക്കുമീതെ ചാഞ്ഞാല്‍ പൊന്മരവും' എന്നാണ് മുഖപ്രസംഗത്തിന്റെ തലക്കെട്ട്.
Comments