കാന്‍സര്‍ സെന്ററുകളിലും മെഡിക്കല്‍ കോളേജുകള്‍ അടക്കമുള്ള സര്‍ക്കാര്‍ ആശുപത്രികളിലും കാന്‍സര്‍ ചികിത്സ സൗജന്യമാക്കി. സൗജന്യ കാന്‍സര്‍ ചികിത്സാ പദ്ധതിയായ സുകൃതത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. ചലച്ചിത്രതാരം മമ്മൂട്ടി പദ്ധതിസമര്‍പ്പണം നിര്‍വഹിക്കും. ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, രമേശ് ചെന്നിത്തല, ഷിബുബേബി ജോണ്‍, കെ.പി. മോഹനന്, അനൂപ് ജേക്കബ് തുടങ്ങിയവരും പങ്കെടുക്കും. സുകൃതം പദ്ധതി നടപ്പിലാക്കുന്നതോടെ, ഇന്ത്യയില്‍ കാന്‍സര്‍ ചികിത്സ സൗജന്യമാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം സംസ്ഥാന കാന്‍സര്‍ ഇന്‍സ്റ്റിറ്റൂട്ട്, മലബാര്‍ കാന്‍സര്‍ സെന്റര്‍, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജുകള്‍, എറണാകുളം ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് കാന്‍സറിന് സൗജന്യ ചികിത്സ ഏര്‍പ്പെടുത്തുന്നതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
Comments