യാത്രക്കാര്‍ക്ക് അഞ്ചു ലക്ഷം രൂപ വരെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതുള്‍പ്പെടെയുള്ള വകുപ്പുകളുമായി 2014 ലെ കേരള സംസ്ഥാന റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് (യാത്രക്കാര്‍ക്കുള്ള വ്യക്തിപര അപകട സമൂഹ ഇന്‍ഷുറന്‍സ് , യാത്രക്കാര്‍ക്കുള്ള മെച്ചപ്പെട്ട സൗകര്യങ്ങള്‍, ജീവനക്കാരുടെ സാമൂഹിക സുരക്ഷ, യാത്രാ ടിക്കറ്റിന്മേലുള്ള സെസ്) ബില്‍ നിയമസഭ പാസാക്കി. ഇതോടെ ടിക്കറ്റുകള്‍ക്ക് ഒരു രൂപ മുതല്‍ 10 രൂപ വരെ അധികം നല്‍കേണ്ടിവരും. 14 രൂപ വരെയുള്ള ടിക്കറ്റുകള്‍ക്ക് മാത്രമാണ് ഇളവ്.
കെ.എസ്ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിക്കുന്ന മുറയ്ക്ക് ടിക്കറ്റുകളില്‍ സെസ് ഏര്‍പ്പെടുത്തുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. 15 മുതല്‍ 24 വരെ രൂപയുടെ ടിക്കറ്റുകള്‍ക്ക് ഒരു രൂപയും 25 മുതല്‍ 49 വരെ രണ്ടു രൂപയും 50 മുതല്‍ 74 വരെ മൂന്നും 75 മുതല്‍ 99 വരെ നാലും 100 രൂപയ്ക്ക് മുകളില്‍ 10 രൂപയും സെസ്സായി ഈടാക്കും. ഇതുവഴി കെ.എസ്.ആര്.ടി.സി. പെന്ഷന് ഫണ്ടിലേക്ക് 164 കോടി രൂപ കൂടി ലഭ്യമാവും. ഡീസല്‍ വില കുറഞ്ഞതോടെ ബസ് ചാര്‍ജ് കുറയ്ക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇത് രാമചന്ദ്രന് നായര്‍ കമ്മീഷന്റെ പരിഗണനയ്ക്ക് വിടും. കെ.എസ്.ആര്.ടി.സി. പെന്ഷന് കാര്യം മുഖ്യമന്ത്രി ബന്ധപ്പെട്ടവരുമായി 22 ന് നടത്തുന്ന ചര്‍ച്ചയില്‍ തീരുമാനമാവുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. യാത്രക്കാര്‍ക്ക് ഇത്തരത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നത് ഇന്ത്യയില്‍ ആദ്യമായിട്ടാണെന്ന് മന്ത്രി അവകാശപ്പെട്ടു.
Comments