You are Here : Home / News Plus

കേരളത്തെ വീഴ്ത്തി കൊല്‍ക്കത്ത ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം സ്വന്തമാക്കി

Text Size  

Story Dated: Saturday, December 20, 2014 05:18 hrs UTC

മുംബൈ: ഇന്ത്യന്‍ ഫുട്ബാളിന്‍െറ സ്വപ്നങ്ങള്‍ക്ക് പുതിയ പ്രതീക്ഷകള്‍ പകര്‍ന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പ്രഥമകിരീടം അത് ലറ്റികോ ഡി കൊല്‍ക്കത്തക്ക്. കാല്‍പന്തുകളിയെ ഹൃദയത്തിലേറ്റിയ രണ്ട് നാടുകള്‍ തമ്മില്‍ ഏറ്റുമുട്ടിയ കളിയില്‍ കേരളാ ബ്ളാസ്റ്റേഴ്സിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കൊല്‍ക്കത്ത തോല്‍പ്പിച്ചത്. കളി അവസാനിക്കാന്‍ ഒരു മിനിട്ട് ബാക്കി നില്‍ക്കെ ഇഞ്ചുറി സമയത്ത് മുഹമ്മദ് റഫീഖാണ് കൊല്‍ക്കത്തയുടെ ചരിത്ര ഗോള്‍ നേടിയത്. മികച്ച പ്രതിരോധവും അക്രമണവും കാഴ്ചവെച്ച കേരളത്തിന് നിരവധി തുറന്ന അവസരങ്ങള്‍ ലഭിച്ചെങ്കിലും നിശ്ചിത സമയത്തിനുള്ളില്‍ ഗോള്‍ നോടാന്‍ കഴിഞ്ഞില്ല.
ബ്ളാസ്റ്റേഴ്സിനും ഗോളിനും ഇടയില്‍ കൊല്‍ക്കത്തയുടെ അര്‍മേനിയന്‍ ഗോള്‍കീപ്പര്‍ അപോളോ എദലാണ് പലപ്പോഴും തടസ്സമായത്. നിരവധി ഷോട്ടുകളാണ് എദല്‍ തടുത്തിട്ടത്. കേരള താരങ്ങള്‍ പലതവണ എതിര്‍ ഗോള്‍മുഖത്ത് ആക്രമണം നടത്തി. മൈക്കല്‍ ചോപ്രയുടെ ഗോളെന്നുറച്ച ഷോട്ടുകള്‍ എദല്‍ തടഞ്ഞു. ഹ്യൂമിന്‍െറ മികച്ചൊരു ഫ്രീകിക്കും കൊല്‍ക്കത്ത ഗോളി തട്ടിത്തെറിപ്പിച്ചു. മുന്‍ കളികളില്‍ നിന്ന് വ്യത്യസ്തമായി ചോപ്ര മികച്ച കളിയാണ് പുറത്തെടുത്തത്. പാസുകള്‍ സ്വീകരിക്കുന്നതിലും പെട്ടെന്ന് പാസ് കൈമാറുന്നതിലും ചോപ്ര ഇന്ന് മികവ് കാട്ടി. മുന്നേറ്റനിരയില്‍ ഹ്യൂമും മധ്യനിരയില്‍ പിയേഴ്സണും മികച്ച കളി പുറത്തെടുത്തെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു.
പിന്‍നിരയില്‍ സന്ദേശ് ജിന്‍ഗാനടക്കമുള്ള താരങ്ങള്‍ മികച്ച രീതിയിലാണ് പ്രതിരോധം തീര്‍ത്തത്. ഇതിനാല്‍ത്തന്നെ ഗോള്‍കീപ്പര്‍ ഡേവിഡ് ജെയിംസ് ബാറിനടിയില്‍ കാര്യമായ വെല്ലുവിളികള്‍ നേരിട്ടില്ല. എന്നാല്‍ നിശ്ചിത സമയം തീരാന്‍ സെകന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ റഫീഖിന്‍െറ ഹെഡര്‍ കേരളത്തിന്‍െറ കിരീടമോഹങ്ങള്‍ തല്ലിക്കെടുത്തുകയായിരുന്നു.
കിരീടം ലഭിച്ചില്ലെങ്കിലും ഗോള്‍ഡന്‍ ബാള്‍, മികച്ച യുവതാരത്തിനുള്ള പുരസ്കാരം എന്നിവ കേരളത്തിന് ലഭിച്ചു. യഥാക്രമം ഇയന്‍ ഹ്യൂമും സന്ദേശ് ജിന്‍ഗനുമാണ് ഈ പുരസ്കാരങ്ങള്‍ നേടിയത്. ഏറ്റവും മികച്ച ആരാധകര്‍ക്കുള്ള പുരസ്കാരവും കേരളാ ബ്ളാസ്റ്റേഴ്സിന് ലഭിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.