മുംബൈ ആക്രമണത്തിന്‍െറ സൂത്രധാരനും ലഷ്കറെ ത്വയ്യിബ കമാന്‍ഡറുമായ സകിയ്യുറഹ്മാന്‍ ലഖ് വിയെ വീണ്ടും കസ്റ്റഡിയിലെടുത്തു. ഇന്ത്യയുടെ പരാതിയെ തുടര്‍ന്നാണ് പാകിസ്താന്‍െറ നടപടി. മറ്റൊരു കേസിലാണ് ലഖ് വിയെ വീണ്ടും തടങ്കലില്‍ ആക്കിയത്. ലഖ് വിയുടെ കരുതല്‍ തടങ്കല്‍ തിങ്കളാഴ്ച ഇസ്ലാമാബാദ് ഹൈകോടതി റദ്ദാക്കിയിരുന്നു. ജാമ്യം അനുവദിച്ചതിന് ശേഷവും തടങ്കലില്‍ വെക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി.
2008 ലെ മുംബൈ ഭീകരാക്രമണ കേസില്‍ ലഖ് വിയടക്കം ഏഴ് പേരെ 2009 നാണ് പാകിസ്താന് അറസ്റ്റ് ചെയ്തത്. ആക്രമണത്തിനായി 10 പേര്‍ക്ക് പരിശീലനം നല്കി എന്നതാണ് ലഖ് വിക്കെതിരെയുള്ള കുറ്റം. മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഈ മാസം 18 ന് പാകിസ്താനിലെ ഭീകരവിരുദ്ധ കോടതി ലഖ് വിക്ക് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, ഇന്ത്യയുടെ എതിര്‍പ്പിനെ തുടര്‍ന്ന് പാകിസ്താന് ലഖ് വിയെ കരുതല്‍ തടങ്കലില്‍ വെക്കുകയായിരുന്നു. ഈ ഉത്തരവ് റദ്ദാക്കിയാണ് ലഖ് വിയെ മോചിപ്പിക്കാന്‍ ഇസ്ലാമാബാദ് ഹൈകോടതി ഉത്തരവിട്ടത്. ലഖ് വി ഇന്ന് മോചിതനാകാനിരിക്കെയാണ് മറ്റൊരു കേസില്‍ വീണ്ടും കരുതല്‍ തടങ്കലിലാക്കിയത്.
Comments