സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിയുടെ വിവാദ പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി. അന്വേഷണം വേണ്ടെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി. പ്രസംഗം നടത്തിയെന്നല്ലാതെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധമുണ്ടെന്നതിന് യാതൊരു തെളിവുകളും ഇല്ലെന്ന മണിയുടെ അഭിഭാഷകന്റെ വാദം സുപ്രീം കോടതി അംഗീകരിച്ചു. മണിയുടെ പ്രസംഗത്തില്‍ അന്വേഷിക്കേണ്ടതായി യാതൊന്നുമില്ലെന്ന് സുപ്രീം കോടതി വിലയിരുത്തി.
ടി പി ചന്ദ്രശേഖരന് വധത്തിനുശേഷം ഇടുക്കിയിലെ മണക്കാട്ട് നടന്ന പൊതുയോഗത്തില്‍ എം എം മണി നടത്തിയ പ്രസംഗമാണ് വിവാദമായത്. രാഷ്ട്രീയ പ്രതിയോഗികളെ പട്ടിക തയ്യാറാക്കി വകവരുത്തിയ ശീലം സി പി എമ്മിനുണ്ടെന്നാണ് മണി പറഞ്ഞത്. പിന്നീട് അടിമാലി പത്താംമൈലില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലും മണി വിവാദ പരാമര്‍ശം ആവര്‍ത്തിച്ചു. സഖാവ് അയ്യപ്പദാസിനെ വെട്ടിക്കൊന്നതിന് പകരമായി തങ്ങളുടെ ആളുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ബാലുവിനെ കൊന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Comments