നടന് സുരേഷ് ഗോപി കേരളത്തിലെ പ്രവീണ്‍ തൊഗാഡിയയാണെന്ന് കോണ്‍ഗ്രസ് പത്രം വീക്ഷണം. ഇന്ന് പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് സുരേഷ് ഗോപിയെ പത്രം രൂക്ഷമായി വിമര്‍ശിച്ചത്. അഹങ്കാരത്തിന് ആള്‍രൂപം പ്രാപിച്ചാല്‍ സുരേഷ് ഗോപിയാകുമെന്നും സുരേഷ് ഗോപിക്ക് കാവിജ്വരം മൂത്താല്‍ കേരള തൊഗാഡിയയാകുമെന്നുമാണ് പത്രത്തിന്റെ വിമര്‍ശം. തട്ടുതകര്‍പ്പന്‍ ഡയലോഗുകളിലൂടെ മലയാള വെള്ളിത്തിരയെ ചൂടുപിടിപ്പിച്ച സുരേഷ് ഗോപി വിവരക്കേടിന്റെ തിടമ്പേന്തി ബി.ജെ.പി രാഷ്ട്രീയത്തിലെ ഗുരുവായൂര്‍ കേശവനാകാന്‍ ശ്രമിക്കുകയാണെന്നും വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിനായി നടത്തിയ പ്രചാരണത്തില്‍ ഹിന്ദുത്വ പ്രസംഗം നടത്തിയ സുരേഷ് ഗോപി വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയ്ക്ക് ശിഷ്യപ്പെട്ടിരിക്കുകയാണെന്നും പത്രം കുറ്റപ്പെടുത്തുന്നു.
ബി.ജെ.പിയിലേക്ക് ഘര്വാപസിയായ ശേഷം സുരേഷ് ഗോപി നിഘണ്ടുവില്‍ നിന്നും ഹിന്ദു സമാജം, ഹിന്ദു ധര്‍മം തുടങ്ങിയ കുറെ വാക്കുകള്‍ മനപാഠമാക്കിയിട്ടുണ്ടെന്നും വിശുദ്ധമായ ഈ പദങ്ങള്‍ എപ്പോള്‍ എവിടെ എങ്ങനെ ഉപയോഗിക്കണമെന്ന് സുരേഷ് ഗോപിക്ക് അറിയില്ലെന്നും ചേര്ച്ചയില്ലാത്തിടത്ത് ഇത്തരം പദങ്ങള്‍ ഉപയോഗിച്ച് ഭരത് താരം യഥാര്‍ഥ ഹിന്ദുക്കളെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും മുഖപ്രസംഗം പറയുന്നു.
Comments