ന്യൂഡല്‍ഹി: സുനന്ദ പുഷ്ക്കര്‍ കൊലപാതകക്കേസില്‍ ശശി തരൂരിനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് ഡെല്‍ഹി പൊലീസ് കമ്മിഷണര്‍ പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കമ്മീഷണര്‍. കൊല്‍ക്കത്തയിലുള്ള ശശി തരൂര്‍ ഡല്‍ഹിയില്‍ മടങ്ങിയെത്തിയാലുടന്‍ ചോദ്യം ചെയ്യും. സുനന്ദയുടെ ആനന്തരീകാവയവ സാമ്പിളുകള്‍ പരിശോധനക്കായി അമേരിക്കയിലേക്ക് അയച്ചു.മരണത്തിനിടയാക്കിയ വിഷം ഏതെന്നു കണ്ടുപിടിക്കാന്‍ അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ ലാബിലേക്കാണ് സാമ്പിളുകള്‍ അയച്ചിട്ടുള്ളത്.
സുനന്ദ കൊല്ലപ്പെടുന്നതിന് ഒരാഴ്ച്ച മുന്‍പ് മുതലുള്ള തരൂരിന്റെ നീക്കങ്ങളെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. സുനന്ദയുടെ മരണത്തിന് മൂന്ന് ദിവസം മുന്‍പ് കേരളത്തില്‍ നിന്ന് ഡെല്‍ഹിയിലേക്കുള്ള യാത്രക്കിടെ എയര്‍ ഇന്ത്യാ വിമാനത്തില്‍വെച്ച് സുനന്ദയും തരൂരും കലഹിച്ചിരുന്നതായി വിമാന ജീവനക്കാര്‍ അന്വേഷണസംഘത്തിന് മൊഴി നല്കി. സുനന്ദയുടെ പോസ്റ്റുമാര്‍ട്ടത്തിന് നേതൃത്വം നല്കിയ ഡോക്ടര്‍ സുധീര്‍ ഗുപ്തയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. അന്വേഷണത്തെ സ്വാധീനിക്കാന്‍ തരൂര്‍ ശ്രമിച്ചിരുന്നതായി സുധീര്‍ ഗുപ്ത നേരത്തെ ആരോപിച്ചിരുന്നു.
Comments