ബാര്‍ കോഴ കേസില്‍ ഒരു ബാറുമടകൂടി വിജിലന്‍സിന് മൊഴിനല്‍കാനെത്തി. തിരുവനന്തപുരത്തെ ബാറുടമ ചൈനാ സുനില്‍ എന്നറിയപ്പെടുന്ന സുനില്‍കുമാറാണ് വിജിലന്‍സ് എസ്.പി. ആര്.സുകേശനുമുന്നില് ബുധനാഴ്ച മൊഴി നല്‍കാനെത്തിയത്. ഇദ്ദേഹം ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന് ജില്ലാ ഭാരവാഹികൂടിയാണ്. വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങള്‍ മൊഴിയടുക്കല്വേളയില് ഇദ്ദേഹം നിഷേധിച്ചു.
ബിജു രമേശ് പുറത്തുവിട്ട ശബ്ദരേഖയുടെ ആധികാരികതയില്‍ സംശയം പ്രകടിപ്പിച്ച സുനില്‍ മാണിക്ക് കോഴ നല്‍കിയിട്ടില്ലെന്ന് പറഞ്ഞു. മാണിക്കോ മറ്റു മന്ത്രിമാര്‍ക്കോ പണം നല്‍കിയിട്ടില്ല. കേസ് നടത്തിപ്പിനായി ബാറുടമകളില്‍നിന്ന് പിരിവുനടത്തിയത് സത്യമാണ്. എന്നാല്‍, അത് കോഴ നല്‍കാനായിരുന്നില്ല.ബിജു രമേശ് പറയുന്നതുപോലെ കൊച്ചിയില്‍ അസോസിയേഷന് യോഗം ചേര്‍ന്നതായി ഓര്‍ക്കുന്നില്ല. അടച്ച ബാറുകള്‍ ഒരിക്കലും തുറക്കാതിരിക്കാന്‍ താന്‍ അഞ്ചുകോടി നല്‍കിയെന്ന് ബാറുടമ അനിമോന് പറയുന്നതായുള്ള സംഭാഷണം ശരിയല്ല. ശബ്ദരേഖയുടെ ആധികാരികത സാങ്കേതിക പരിശോധനയിലൂടെ വ്യക്തമാകുമെന്നും സുനില്‍ പറഞ്ഞു.
Comments