You are Here : Home / News Plus

സിഗററ്റ് ലോബിക്ക് വക്കാലത്തുമായി എം.പിമാര്‍

Text Size  

Story Dated: Friday, April 03, 2015 05:03 hrs UTC

ന്യൂഡല്‍ഹി: സിഗററ്റ് ലോബിക്ക് ഒത്താശയുമായി വീണ്ടും എം.പിമാര്‍. വലി കാന്‍സറിനു കാരണമാവില്ലെന്ന ബി.ജെ.പി എം.പി ദിലീപ് കുമാര്‍ ഗാന്ധിയുടെ പ്രസ്താവനക്കു പിന്നാലെ അസമില്‍ നിന്നുള്ള ബി.ജെ.പി. എം.പി രാം പ്രസാദ് യു.പിയില്‍ നിന്നുള്ള ബി.ജെ.പി എം.പിയും ബീഡി മുതലാളിയുമായ ശ്യാംചരണ്‍ ഗുപ്ത, കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.പി എസ്.പി. മുദ്ദഹനുമ ഗൗഡ എന്നിവരാണ് സമാന വാദങ്ങളുമായി രംഗത്തുവന്നത്.
ദിവസേന അറുപതു സിഗററ്റു വലിക്കുന്ന രണ്ടുപേരെ തനിക്കറിയാമെന്നും ഒരാള്‍ 86 വയസുവരെ ജീവിച്ചെന്നുമാണ് സിഗററ്റ് നിര്‍ദോഷകരമാണെന്ന് വാദിക്കാന്‍ രാംപ്രസാദ് നടത്തിയ പ്രസ്താവന. പ്രമേഹമുണ്ടാകുമെന്നതിന്‍റെ പേരില്‍ പഞ്ചസാര നിരോധിക്കുമോ എന്നാണ് ശ്യാം ചരണ്‍ ഗുപ്തയുടെ ചോദ്യം. നൂറുകണക്കിനു പേര്‍ തൊഴില്‍ രഹിതരാകുമെന്ന് പറഞ്ഞാണ് സിഗററ്റ് നിരോധത്തിനെതിരായ ന്യായമായി ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നത്. സിഗററ്റു പാക്കറ്റിലെ ആരോഗ്യ മുന്നറിയിപ്പ് വലുതാക്കണമെന്ന ആവശ്യത്തെ ചോദ്യം ചെയ്യാനാണ് എം.പിമാര്‍ വാദങ്ങളുയര്‍ത്തുന്നത്. ഇതേ തുടര്‍ന്ന് മുന്നറിയിപ്പ് പാക്കറ്റിന്‍െറ 85 ശതമാനം വലിപ്പത്തില്‍ വേണമെന്ന ഉത്തരവ് കേന്ദ്ര ആരോഗ്യ മന്ത്രാലയം മരവിപ്പിച്ചിരിക്കുകയാണ്. സിഗററ്റിന്‍െറ ചില്ലറ വില്‍പന നിരോധിക്കണമെന്ന പഠന സമിതി ശിപാര്‍ശയും സര്‍ക്കാര്‍ കൊട്ടയില്‍ തള്ളിയിരിക്കുകയാണ്.
അതിനിടെ എം.പിമാരുടെ വാദത്തിനെതിരെ മുന്‍ ആരോഗ്യമന്ത്രിയും പി.എം.കെ നേതാവുമായ ഡോ. അന്‍പുമണി രാംദോസ് പ്രതികരിച്ചു. ഇത്തരം മണ്ടന്‍ വാദഗതികളുന്നയിച്ചാല്‍ ഇന്ത്യന്‍ എം.പിമാര്‍ വെളിവുകെട്ടവരാണെന്ന് ലോകം ധരിക്കുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സിഗററ്റ് ആരോഗ്യത്തെ ദുഷിപ്പിക്കുമെന്നതു സംബന്ധിച്ച് നൂറുകണക്കിന് വിശ്വസനീയ പഠനങ്ങളുണ്ട്.പ്രധാനമന്ത്രി അടിയന്തിരമായി വിഷയത്തില്‍ ഇടപെടണമെന്നും പാക്കറ്റിലെ മുന്നറിയിപ്പ് നിഷ്കര്‍ഷിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.