You are Here : Home / News Plus

യമനില്‍ നിന്ന് കൂടുതല്‍ ഇന്ത്യക്കാര്‍ നാട്ടിലേക്ക്

Text Size  

Story Dated: Sunday, April 05, 2015 03:56 hrs UTC

ന്യൂഡല്‍ഹി: യമനില്‍ അല്‍ഖാഇദക്ക് സ്വാധീനമുള്ള മുക്കല്ലയില്‍ നിന്ന് 176 ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ തുടങ്ങി. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പെട്രോ മോഫിയ എന്ന എണ്ണക്കമ്പനിയുടെ നേതൃത്വത്തിലാണ് 130 മലയാളികളടക്കമുള്ളവരെ ഒഴിപ്പിക്കുന്നത്. ഇവരില്‍ എട്ട് കുട്ടികളും 28 സ്ത്രീകളും ഉള്‍പ്പെടുന്നു. പ്രദേശത്ത തുറമുഖങ്ങള്‍ അല്‍ഖാഇദ നിയന്ത്രണത്തിലായതിനാല്‍ എണ്ണ കമ്പനിയുടെ തുറമുഖം വഴിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. എട്ടു പേര്‍ക്ക് സഞ്ചരിക്കാവുന്ന കമ്പനിയുടെ സ്പീഡ് ബോട്ടിലാണ് അരമണിക്കൂര്‍ യാത്ര ചെയ്ത് പുറംകടലിലെ കപ്പലിലേക്ക് പൗരന്മാരെ എത്തിക്കുന്നത്.
അതേസമയം, പോരാട്ടം രൂക്ഷമായ സാഹചര്യത്തില്‍ ഏദന്‍ തുറമുഖത്ത് അടുക്കാന്‍ സാധിക്കാത്ത ഐ.എന്‍.എസ് മുംബൈ ആറു കിലോമീറ്റര്‍ അകലെ പുറംകടലില്‍ നങ്കൂരമിട്ടിരിക്കുകയാണ്. 40 പേര്‍ക്ക് കയറാവുന്ന ചെറിയ വിമാനത്തിലാണ് ഏദനില്‍ നിന്നു 441 ഇന്ത്യക്കാരെ കപ്പലിലെത്തിക്കുക. ഇവരെ ജിബൂതിലെത്തിച്ച ശേഷം ഇന്ത്യയിലേക്ക് വിമാനത്തില്‍ അയക്കും. ഇന്ത്യക്കാരെ കൂടാതെ 17 വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 179 പേരെയും ഐ.എന്‍.എസ് മുംബൈയില്‍ എത്തിച്ചിട്ടുണ്ട്.
അതേസമയം, കൊച്ചിയില്‍ നിന്നു പുറപ്പെട്ട രണ്ട് കപ്പല്‍ ഇന്ന് ജിബൂതിലെത്തും. ഈ കപ്പലുകളിലായി ബാക്കിയുള്ള 1300ഓളം പേരെ രക്ഷപ്പെടുത്താനാണ് ഇന്ത്യന്‍ അധികൃതരുടെ തീരുമാനം.
യമനില്‍ 4100ഓളം ഇന്ത്യക്കാരുണ്ടെ ന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍െറ കണക്ക്. ഇതില്‍ 1300ഓളം പേര്‍ നാട്ടിലെത്തിക്കഴിഞ്ഞു. ഏപ്രില്‍ ഒന്നു മുതല്‍ മൂന്നുവരെ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെ 337 മലയാളികള്‍ കേരളത്തിലെത്തിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.