നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ വിശ്വാസവോട്ടിനെ നേരിടാതെ പടിയിറങ്ങിയതോടെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യം അധികാരത്തിലേറുമെന്ന് വ്യക്തമായി. ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അധികാരമേല്‍ക്കും. സര്‍ക്കാരിനെച്ചൊല്ലിയുള്ള നാടകീയതകള്‍ക്ക് അന്ത്യമായതോടെ മന്ത്രിമാരുടെ വകുപ്പുകള്‍ ചൊല്ലിയാണ് ചൂടന്‍ ചര്‍ച്ച മുറുകുന്നത്.
മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിക്കാന്‍ ഇരുപാര്‍ട്ടികളുടെയും സംയുക്ത നേതൃയോഗം ഇന്നും നടക്കും. കോണ്‍ഗ്രസില്‍ നിന്ന് 20 പേര്‍ക്കും ദളില്‍ നിന്ന് 13 പേര്‍ക്കും മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് സൂചന. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ജി. പരമേശ്വരയുടെയും കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവരകുമാറിന്റെയും പേരാണ് ഉപമുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്.
മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി തന്നെയാകും ധനവകുപ്പും കൈകാര്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച രാജീവ്ഗാന്ധിയുടെ ചരമവാര്‍ഷികദിനമായതിനാലാണ് സത്യപ്രതിജ്ഞ ചടങ്ങ് ബുധനാഴ്ചയിലേക്ക് മാറ്റിയത്. കുമാരസ്വാമി ഡല്‍ഹിയിലെത്തി രാജീവ്ഗാന്ധിയുടെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തും.
Comments