അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ജാമ്യം കിട്ടിയ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് വെള്ളിയാഴ്ച ജയില്‍ വിടാനായില്ല. ജാമ്യത്തിനുള്ള സുപ്രീംകോടതി ഉത്തരവുമായി ബന്ധപ്പെട്ട രേഖകള്‍ വെള്ളിയാഴ്ച വൈകീട്ട് ബാംഗ്ലൂരിലെ പ്രത്യേക കോടതി പിരിയുന്നതിനകം എത്തിക്കാന്‍ ശ്രമം നടന്നെങ്കിലും കഴിഞ്ഞില്ല. അതിനാലാണ് വെള്ളിയാഴ്ച ജയില്‍ വിടാന്‍ കഴിയാതിരുന്നത്. ശനിയാഴ്ച ഉച്ചയോടെ ജയിലില്‍നിന്ന് പോകാന്‍ കഴിയുമെന്നറിയുന്നു. ജയലളിതയ്ക്ക് ശിക്ഷ വിധിച്ച പ്രത്യേക കോടതിയെ സുപ്രീംകോടതി ഉത്തരവിന്റെ പകര്‍പ്പുമായി തങ്ങള്‍ ശനിയാഴ്ച രാവിലെ സമീപിക്കുമെന്ന് അവരുടെ മുതിര്‍ന്ന അഭിഭാഷകന് ബി. കുമാര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. ശനിയാഴ്ചതന്നെ ജയലളിതയ്ക്ക് ജയില്‍ വിടാനാകുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. നടപടികള്‍ കഴിഞ്ഞ് ജയലളിതയെ ശനിയാഴ്ചതന്നെ വിട്ടയയ്ക്കാനാകുമെന്ന് ജയില്‍ ഡി.ഐ.ജി. പി.എം. ജയ്സിംഹ വാര്‍ത്താലേഖകരോട് പറഞ്ഞു. കഴിഞ്ഞ ദിവസം ജയലളിതയെ ഡി.ഐ.ജി. ജയിലില്‍ച്ചെന്ന് കണ്ടിരുന്നു. ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ജയലളിത പറഞ്ഞതായി അദ്ദേഹം അറിയിച്ചു.
Comments