ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് നല്കിയ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്കിയ ഹര്ജിക്കാരന് കേസില്‍ നിന്നു പിന്മാറി. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മേരിദാസന്‍ സമര്‍പ്പിച്ച പരാതി ദേശീയ ഹരിത ട്രൈബ്യൂണല്‍ അംഗീകരിച്ചു.
തന്റെ പേരില്‍ മറ്റാരോ പരാതി നല്‍കിയതാണെന്നും കേസില്‍ അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചതാണെന്നും മേരിദാസന്‍ നല്കിയ പരാതിയില്‍ പറയുന്നു. പദ്ധതിയുടെ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ ഹരിത ട്രൈബ്യൂണല്‍ ഇന്ന് പരിഗണിക്കാനിരിക്കെയാണ് മേരിദാസന്‍ പിന്മാറിയത്.
തന്റെ അറിവോടെയല്ല കേസില്‍ പരാതി നല്കപ്പെട്ടത്. പള്ളി വികാരി ആവശ്യപ്പെട്ടതു പ്രകാരമാണ് ഹരജിയില്‍ ഒപ്പിട്ടത്. തന്നെ കുടുക്കിയതാണെന്നും കേസില്‍ കക്ഷി ചേരാന്‍ ബാഹ്യസമ്മര്‍ദ്ദമുണ്ടായെന്നും മേരീദാസന് ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
കേസില്‍ മറ്റൊരു പരാതിക്കാരനായ വില്ഫ്രഡിനെ വിളിച്ചുവരുത്താന്‍ ട്രൈബ്യൂണല്‍ നോട്ടീസ് അയക്കും. പരാതിക്കാരന് പിന്മാറിയത് കൊണ്ട് മാത്രം കേസിലെ നിയമനടപടികള്‍ അവസാനിക്കില്ലെന്നും പാരിസ്ഥിതിക പ്രാധാന്യമുള്ള വിഷയമാണെങ്കില്‍ കേസ് തുടരുമെന്നും ട്രൈബ്യൂണല്‍ അറിയിച്ചു. കേസില്‍ നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി.
Comments