You are Here : Home / News Plus

അരുവിക്കരയിലെ തോല്‍വിയില്‍ പി.ബിക്ക് അതൃപ്തി

Text Size  

Story Dated: Monday, July 06, 2015 05:57 hrs UTC

ന്യൂഡല്‍ഹി: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി എം.വിജയകുമാറിന്‍റെ തോല്‍വിയില്‍ പൊളിറ്റ് ബ്യൂറോക്ക് അതൃപ്തി. അരുവിക്കരയിലെ അനുകൂല സാഹചര്യം ഇടതുമുന്നണിക്കു മുതലാക്കാനായില്ലെന്നും പി.ബി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
വി.എസ്സും പിണറായിയും ഒരുമിച്ച് ഒരേവേദിയില്‍ പ്രചാരണത്തിന് വരണമായിരുന്നെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഭരണവിരുദ്ധ വികാരം മുതലെടുക്കാനും ഇടതുമുന്നണിക്ക് കഴിഞ്ഞില്ല. പരാജയം എല്ലാവരുടെയും കണ്ണുതുറപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും ഒറ്റക്കെട്ടാണെന്ന സന്ദേശം പ്രവര്‍ത്തകരിലേക്കും വോട്ടര്‍മാരിലേക്കും എത്തിക്കാന്‍ കഴിഞ്ഞില്ല എന്ന തരത്തിലുള്ള വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നു. എന്നാല്‍ തിരക്കുകള്‍ കാരണമാണ് വിഎസിനൊപ്പം ഒരുമിച്ചു വേദി പങ്കിടാന്‍ കഴിയാതെ പോയതെന്ന് പിണറായി വിജയന്‍ മറുപടി നല്‍കി.
ഭരണദുരുപയോഗവും വര്‍ഗീയദ്രൂവീകരണവും തോല്‍വിക്ക് കാരണമായെന്ന് കേരള ഘടകം പിബിയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ പെരുമാറ്റചട്ടങ്ങള്‍ ലംഘിച്ചാണ് യു.ഡി.ഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടലംഘനങ്ങള്‍ കണ്ടില്ലെന്ന് നടിച്ചുവെന്നും കേരള നേതാക്കള്‍ പി.ബിയെ അറിയിച്ചു.
കേന്ദ്രസര്‍ക്കാറിനെതിരെയുള്ള സമരങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സി.പി.എം. പൊളിറ്റ് ബ്യൂറോ യോഗം ആണ് ഇന്ന് തുടങ്ങിയത്. യോഗം നാളെയും തുടരും. ബി.ജെ.പിയുടെ വളര്‍ച്ചയെ തടയാന്‍ ദേശീയതലത്തില്‍ ശക്തമായ പ്രചാരണപരിപാടിക്കു രൂപം നല്‍കാനും യോഗത്തില്‍ ധാരണയായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.