You are Here : Home / News Plus

ഗുർമീത് റാം റഹിം സിങ് മാനഭംഗക്കേസിൽ കുറ്റക്കാരനാണെന്നു സിബിഐ

Text Size  

Story Dated: Friday, August 25, 2017 11:06 hrs UTC

ന്യൂഡൽഹി:ഗുർമീത് റാം റഹിം സിങ് മാനഭംഗക്കേസിൽ കുറ്റക്കാരനാണെന്നു പ്രത്യേക സിബിഐ കോടതി വിധിച്ചു. രാജ്യത്തെയാകെ ഉദ്വേഗത്തിന്റെ മുള്‍മുനയിൽ നിർത്തിയ നിമിഷങ്ങൾക്കൊടുവിലാണ് റാം റഹിം കുറ്റക്കാരനാണെന്ന വിധി വന്നത്. ഇയാൾക്കുള്ള ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും. ഹരിയാനയിലെ സിർസയിലെ ദേര ആശ്രമത്തിൽ 15 വർഷം മുൻപ് വനിതാ അനുയായിയെ മാനഭംഗപ്പെടുത്തിയെന്ന കേസിലാണു റാം റഹിം കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. ഹരിയാന, പ‍ഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ റാം റഹിമിന്റെ അനുയായികൾ ഉയർത്തിയ വൻ ക്രമസമാധാന ഭീഷണിക്കിടെ ചണ്ഡിഗഡിനു സമീപമുളള പഞ്ച്കുല പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. ഗുർമീതിനെ ഉടൻ അംബാല ജയിലിലേക്കു മാറ്റും. നിലവിൽ ഇയാൾ സൈന്യത്തിന്റെ കസ്റ്റഡിയിലാണുള്ളത്. വിധി പ്രതികൂലമായതോടെ ഇയാളുടെ അനുയായികൾ പഞ്ചാബ്–ഹരിയാന സംസ്ഥാനങ്ങളിൽ കലാപം അഴിച്ചുവിട്ടേക്കുമെന്ന് മുന്നറിയിപ്പുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹരിയാനയിലെങ്ങും വൈദ്യുത വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ഇരു സംസ്ഥാനങ്ങളിലുമായി 15,000 അർധ സൈനികരെയാണ് സുരക്ഷയ്ക്കു നിയോഗിച്ചിരിക്കുന്നത്. കോടതി പരിസരവും വൻ സുരക്ഷാവലയത്തിലാണ്. വിധി വന്നതിനു പിന്നാലെ കോടതി പരിസരത്ത് സൈന്യം ഫ്ലാഗ് മാർച്ച് നടത്തി. അതിനിടെ, ചണ്ഡിഗഡിൽ സംഘർഷാവസ്ഥ ഉടലെടുത്തതായി റിപ്പോർട്ടുണ്ട്. വിവിധ മാധ്യമങ്ങളുടെ വാഹനങ്ങളും ആക്രമിക്കപ്പെട്ടു. വിധി പ്രതികൂലമായാൽ ഇയാളുടെ അനുചരവൃന്ദം കലാപമഴിച്ചു വിട്ടേക്കുമെന്ന ഭീതിയിലായിരുന്നു ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങൾ. കണ്ണീർവാതകവും ജലപീരങ്കികളും ഉൾപ്പെടെയുള്ള മുൻകരുതലുകൾ സുരക്ഷാസേന എടുത്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.