ന്യൂഡല്‍ഹി: റിപബ്ലിക് ദിന പരേഡില്‍ ആസിയാന്‍ രാഷ്ട്രത്തലവന്മാര് പങ്കെടുത്തത് നാഴികക്കല്ല് എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പത്ത് ആസിയാന്‍ രാജ്യങ്ങളിലെ പത്ത് ഭാഷകളില്‍ പ്രസിദ്ധീകരിക്കുന്ന 21 ദിനപത്രങ്ങളില്‍ എഴുതിയ ഒപ്പീനിയന് എഡിറ്റോറിയലിലാണ് (ഓപ്-എഡ്) പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. രാജ്യം ഇന്ന് ആഘോഷിച്ച 69-ാമത് റിപബ്ലിക് ദിനാഘോഷത്തില്‍ ആസിയാന്‍ രാഷ്ട്രത്തലവന്മാര് പങ്കെടുത്തതിനെയാണ് പ്രധാനമന്ത്രി ഇപ്രകാരം വിശേഷിപ്പിച്ചത്. വലുപ്പ ചെറുപ്പമില്ലാതെ എല്ലാ ആസിയാന്‍ രാഷ്ട്രങ്ങളുടേയും പരമാധികാര തുല്യതയില്‍ വിശ്വസിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വതന്ത്ര വാണിജ്യത്തിന്റേയും സഹകരണത്തിന്റേയും പാത തുറക്കുന്നതിനെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്നും മോഡി കൂട്ടിച്ചേര്‍ത്തു. ആസിയാന്‍ രാജ്യങ്ങളായ തായ്ലന്ഡ്, വിയറ്റ്നാം, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, മലേഷ്യ, സിംഗപ്പൂര്‍, മ്യാന്മര്, കംബോഡിയ, ലാവോസ്, ബ്രൂണൈ എന്നീ രാജ്യങ്ങളിലെ പത്രങ്ങളിലാണ് പ്രധാനമന്ത്രിയുടെ ഒപ്പീനിയന് എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചത്. ഇന്ത്യയും ആസിയാന്‍ രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഊന്നിയാണ് മോഡിയുടെ ദീര്‍മായ ഓപ്-എഡ്. ആസിയാന്‍-ഇന്ത്യ ബന്ധത്തിന്റെ 25-ാം വാര്‍ഷികം പ്രമാണിച്ചാണ് റിപബ്ലിക് ദിന പരേഡില്‍ ആസിയാന്‍ രാഷ്ട്രത്തലവന്മാരെ അതിഥികളായി പങ്കെടുപ്പിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാ ആസിയാന്‍ രാജ്യങ്ങളുമായും ഇന്ത്യയ്ക്ക് വികാസം പ്രാപിക്കുന്ന നയതന്ത്ര, സാമ്പത്തിക, സുരക്ഷാ മേഖലകളില്‍ പങ്കാളിത്തമുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments