നിപ വൈറസ് ബാധിതനായി മരിച്ച ചങ്ങോരത്ത് സ്വദേശി മൂസയുടെ മൃതദേഹം മണ്ണില്‍ അടക്കം ചെയ്യാന്‍ തീരുമാനിച്ചു. ബന്ധുകളുടെ താത്പര്യം കണക്കിലെടുത്താണ് മൃതദേഹം ദഹിപ്പിക്കുന്നതിന് പകരം മറവ് ചെയ്യാന്‍ തീരുമാനിച്ചത്. നിപ വൈറസ് ബാധിതരുടെ മൃതദേഹങ്ങള്‍ വൈദ്യുതി ശ്മശാനത്തിലെത്തിച്ച് ദഹിപ്പിക്കണം എന്നായിരുന്നു ആരോഗ്യവകുപ്പിന്റെ നിലപാട്.
എന്നാല്‍ മരിച്ചവരുടെ ബന്ധുകള്‍ക്ക് ഇതിനോട് വിയോജിപ്പുണ്ടെങ്കില്‍ ആഴത്തില്‍ കുഴിയെടുത്ത് മറവ് ചെയ്യാം എന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് മൂസയുടെ ബന്ധുകളുടെ കൂടി അഭിപ്രായം കണക്കിലെടുത്ത് മൃതദേഹം മറവ് ചെയ്യാന്‍ തീരുമാനിച്ചത്. കോഴിക്കോട് ബീച്ചിനടുത്തുള്ള കണ്ണപറന്പ് പൊതുശ്മശാനത്തിലാവും മൃതദേഹം മറവ് ചെയ്യുക. പത്തടി ആഴത്തില്‍ ഇതിനായി കുഴി വെട്ടും. വൈറസ് പടരാതിരിക്കാന്‍ കുഴിയില്‍ ബ്ലീച്ചിംഗ് പാളിയും തീര്‍ക്കും.
Comments