You are Here : Home / News Plus

യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയാല്‍ സന്തോഷമേയുള്ളുവെന്ന് പിള്ള

Text Size  

Story Dated: Tuesday, January 20, 2015 05:26 hrs UTC

തിരുവനന്തപുരം: അഴിമതി പുറത്തുപറഞ്ഞതിന്‍െറ പേരില്‍ യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയാല്‍ സന്തോഷമേയുള്ളുവെന്ന് കേരളാ കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയാല്‍ അപ്പോള്‍ കാണാം. പുറത്തായാല്‍ താന്‍ കൂടുതല്‍ ശക്തനായിരിക്കുമെന്നും കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും പിള്ള വ്യക്തമാക്കി.
ഉമ്മന്‍ചാണ്ടി താനുമായി സംസാരിച്ചില്ല എന്ന് അദ്ദേഹം പറയുന്നത് ശരിയല്ല. ബിജു രമേശ് വെളിപ്പെടുത്തിയതിന് ശേഷം കണ്ടില്ല എന്ന കാര്യം ശരിയാണ്. കഴിഞ്ഞ സെപ്റ്റംബര്‍ 28നാണ് ഉമ്മന്‍ചാണ്ടിയെ കണ്ടത്. ചാണ്ടിയുമായി അന്ന് സംസാരിച്ച കാര്യം പിന്നീട് വെളിപ്പെടുത്തും. മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിയാന്‍ താന്‍ തയാറാണ്. ഒറ്റക്ക് നില്‍ക്കാന്‍ മടിയില്ല. എല്‍.ഡി.എഫോ ബി.ജെ.പിയോ തന്നെ ക്ഷണിച്ചിട്ടില്ല. സര്‍ക്കാര്‍ നിലനില്‍ക്കാനാണ് തന്നെ പുറത്താക്കാന്‍ ശ്രമിക്കുന്നത്. ബാര്‍ കോഴക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും പിള്ള ആവശ്യപ്പെട്ടു.
കെ.എം മാണിക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട ടി.എന്‍ പ്രതാപനെതിരെയോ മാണി ഒരു കോടി വാങ്ങിയിട്ടുണ്ടെങ്കില്‍ ബാക്കി സംഖ്യ വാങ്ങിയവര്‍ ആരെന്ന് ചോദിച്ച പി.സി ജോര്‍ജിനെതിരെയോ നടപടിയില്ല. ഒരു വകുപ്പിലെ പേഴ്സണല്‍ സ്റ്റാഫിനെതിരെ പരാതി ഉന്നയിച്ച ഗണേഷ് കുമാറിനെ യു.ഡി.എഫ് പാര്‍ലമെന്‍ററി യോഗത്തില്‍ നിന്ന് പുറത്താക്കി. എം.എല്‍.എ മാരുടെ എണ്ണം നോക്കിയാണ് നടപടി. ഇത് യു.ഡി.എഫിന് നന്നല്ലെന്നും പിള്ള പറഞ്ഞു.
മുന്‍ എം.പി എന്ന നിലയില്‍ തന്‍െറ ചികിത്സക്ക് സര്‍ക്കാര്‍ പണം നല്‍കണം. എന്നാല്‍ ജയിലില്‍ കിടന്ന സമയത്ത് അസുഖമുണ്ടായപ്പോള്‍ സൗജന്യ ചികിത്സ സര്‍ക്കാര്‍ നിഷേധിച്ചു. തടവുപുള്ളി സ്വന്തം ചെലവില്‍ ചികിത്സ നടത്തണം എന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. ആ അവകാശം ആവശ്യപ്പെട്ട് താന്‍ ആരുടെയും പിന്നാലെ പോയിട്ടില്ല. തന്‍െറ ചെലവില്‍ തന്നെ ചികിത്സ നടത്തുകയായിരുന്നെന്നും പിള്ള വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.