You are Here : Home / News Plus

" ലാലിസം " അരങ്ങേറ്റത്തിനായി ദേശീയ ഗെയിംസിന്റെ ഉത്ഘാടനവേദിയും കൂടെ രണ്ടുകോടി രൂപയും

Text Size  

Story Dated: Monday, January 26, 2015 11:36 hrs UTC

മോഹന്‍ ലാലിന്റെ പുതിയ ബാന്‍ ഡായ "ലാലിസം " ദേശിയഗയിം സിന്‌ വരുന്നതിനെതിരെ പ്രമുഖ സം വിധായകന്‍ വിനയന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്

 

" ലാലിസം " എന്ന പരിപാടിയുടെ അരങ്ങേറ്റത്തിനായി ദേശീയ ഗെയിംസിന്റെ ഉത്ഘാടനവേദിയും കൂടെ രണ്ടുകോടി രൂപയും കൊടുക്കുന്നു എന്ന വാര്‍ത്ത ആദ്യം കേട്ടപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കേരളത്തില്‍ വെച്ചു നടക്കുന്ന 35-മത് ദേശീയ ഗെയിംസിന്റെ പരിപാടിക്കു ഫ്രീ ആയി പങ്കെടുക്കുമ്പോള്‍ കേരളീയനായ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ രണ്ടുകോടി രൂപ പ്രതിഫലം പറ്റി അദ്ദേഹത്തിന്റെ ലാലിസം എന്ന ബാന്‍ഡ് അവതരിപ്പിക്കുന്നതിനെപ്പറ്റി താങ്കളുടെ അഭിപ്രായം എന്താണെന്ന് ഒരു ചാനല്‍ റിപ്പോര്‍ട്ടറാണ് എന്നെ വിളിച്ചു ചോദിച്ചത്. അതിന്റെ നിജസ്ഥിതി ടൈംസ് ഓഫ് ഇന്ത്യയില്‍ നിന്ന് അറിയുക കൂടി ചെയ്തപ്പോള്‍ സത്യത്തില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറോട് അതിയായ ബഹുമാനവും നമ്മുടെ സ്പോര്‍ട്ട്സ് മന്ത്രിയുടെ സംഘടനാശേഷിയെ പറ്റി സഹതാപവുമാണ് തോന്നിയത്.

 

പണം സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണെങ്കിലും അതിവിടുത്തെ ഓരോ പൗരനും കൊടുക്കുന്ന നികുതിപ്പണമാണെന്നു കൂടി അദ്ദേഹം ഓര്‍ത്തിരുന്നെങ്കില്‍ നന്നായിരുന്നേനെ. ഇതേവരെ ഒരു ഷോയും ഒരിടത്തും അവതരിപ്പിച്ചിട്ടില്ലാത്ത ഒരു ബാന്‍ഡ് ഗ്രൂപ്പ് - അതും കേരളത്തിലെ ഒരു സൂപ്പര്‍താരവും, ഒരു മ്യൂസിക് ഡയറക്ടറും ചേര്‍ന്ന് അവതരിപ്പിക്കുന്ന പരിപാടിക്ക് രണ്ടുകോടി രൂപ കൊടുക്കുന്നവരേയും അതു വാങ്ങുന്നവരേയും അഭിനന്ദിക്കാതെ തരമില്ല. ശ്രീ മോഹന്‍ലാല്‍ പ്രധാനമായും അദ്ദേഹത്തിന്റെ അമ്പതു സിനിമകളിലെ പാട്ടുകളും അതിലെ ദൃശ്യങ്ങളും കോര്‍ത്തിണക്കി അദ്ദേഹത്തിനു വേണ്ടി തയ്യാറാക്കിയ ഒരു പബ്ലിസിറ്റി പ്രോഗ്രാം കൂടിയാണ് ഈ ലാലിസം.

 

അതിന് ദേശീയ ഗെയിംസിന്റെ ഉത്ഘാടനവേദിയിലെ സ്റ്റേജ് ലഭിക്കുക എന്നതു തന്നെ വല്യ കാര്യമാണ്. ഒരു സമ്പൂര്‍ണ്ണ നടനെന്ന നിലയില്‍ അതിന് അദ്ദേഹം അര്‍ഹനായിരിക്കാം. പക്ഷെ രണ്ടുകോടി രൂപ പ്രതിഫലം ആ പരിപാടിക്കു വേണ്ടി ദേശീയ ഗെയിംസിന്റെ ഫണ്ടില്‍ നിന്നും വാങ്ങിക്കുന്നു എന്നത് കുറച്ചു കടന്ന കയ്യായി പോയി. പ്രതിഫലവും സര്‍വീസ് ചാര്‍ജുമുള്‍പ്പെടെ സര്‍ക്കാറിനു രണ്ടുകോടി രൂപ ചിലവാകുന്ന ലാലിസത്തിനു വേണ്ടി 80 ലക്ഷം രൂപ മോഹന്‍ലാല്‍ അഡ്വാന്‍സ് വാങ്ങിക്കഴിഞ്ഞിരിക്കുന്നു എന്നാണ് വാര്‍ത്ത. അഴിമതിയും കൈക്കൂലിയും ഒക്കെ നമ്മുടെ സര്‍ക്കാരിന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്ന ഇന്നത്തെ അവസ്ഥയില്‍ ഇതല്ല ഇതിലപ്പുറവും പ്രതീക്ഷിക്കാം. ദേശീയ ഗെയംസിന്റെ സംഘാടകര്‍ക്കും അതിന്റെ ഗുണഭോക്താക്കള്‍ക്കും എന്റെ നമോവാകം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.