കൊല്‍ക്കത്ത: കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്ണന് മെഡിക്കല്‍ പരിശോധനക്ക് തയ്യാറാകണമെന്ന സുപ്രീം കോടതി ഉത്തരവ് തള്ളി കര്ണന്. സുപ്രീം കോടതി ഉത്തരവ് ദളിത് ജഡ്ജിയോടുള്ള അവഹേളനം മൂലമാണെന്ന് കര്ണന് വ്യക്തമാക്കി. താന്‍ യാതൊരു പരിശോധനക്കും തയ്യാറല്ലെന്നും ഇത്തരത്തില്‍ ഉത്തരവിടാന്‍ സുപ്രീം കോടതിക്ക് എന്തധികാരമാണുളളതെന്നും അദ്ദേഹം ചോദിച്ചു. തനിക്ക് മാനസിക രോഗമാണെന്ന് വിധിയെഴുതാന്‍ സുപ്രീം കോടതി ആരാണെന്നും തനിക്കെതിരായ കേസ് പരിഗണിച്ച് ഏഴ് ജഡ്ജിമാരും അഴിമതിക്കാരാണെന്നും അദ്ദേഹം ആരോപിച്ചു. തന്റെ സമ്മതമില്ലാതെ സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ ഡിജിപിക്കെതിരെ താന്‍ നടപടിക്ക് ഉത്തരവിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ മാനസിക നില പരിശോധിക്കണമെന്നുത്തരവിട്ട് ജഡ്ജിമാരുടെ മാനസിക നില പരിശോധിക്കണമെന്ന് ഇന്നലെ അദ്ദേഹം ഉത്തരവിട്ടിരുന്നു. വിധി നടപ്പാക്കാന്‍ ഡല്‍ഹി ഡിജിപിയോട് അദ്ദേഹം നിര്‍ദേശിച്ചു. ജഡ്ജിമാരെ എയിംസ് മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കാനായിരുന്നു കര്‍ണന്റെ ഉത്തരവ്. മെയ് നാലിന് പരിശോധന നടത്തി എട്ടിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചിരുന്നു.
Comments