തിരുവനന്തപുരം : കേരളാ കോണ്‍ഗ്രസ് എം പാര്‍ലമെന്ററി പാര്‍ട്ടി യോഗം നാളെ തിരുവനന്തപുരത്ത് ചേരും. കേരള കോണ്‍ഗ്രസ് അഭിപ്രായ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണെന്നും ഭിന്നിപ്പുണ്ടാക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും കെ എം മാണി പറഞ്ഞു. കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത എംഎല്‍എമാരുടെ യോഗത്തില്‍ ജോസഫ് വിഭാഗം പങ്കെടുത്തിരുന്നില്ല. ഇടതുസഹകരണത്തെച്ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം തുടരുന്നതിനിടെയാണ് കേരളാ കോണ്‍ഗ്രസ് എം പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുന്നത്. തിരുവനന്തപുരത്ത് ചേരുന്ന യോഗത്തില്‍ പാര്‍ട്ടിയുടെ മുഴുവന്‍ എംഎല്‍എമാരും പങ്കെടുക്കുമെന്നാണ് കെ എം മാണി അറിയിച്ചത്. കഴിഞ്ഞ ദിവസം പാലായില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പി ജെ ജോസഫും മോന്‍സ് ജോസഫും പങ്കെടുത്തിരുന്നില്ല. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി കൈകോര്‍ത്തതിനെതിരെ ഇരുവരും പരസ്യമായി രംഗത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാര്‍ലമെന്ററി പാര്‍ട്ടി ചേരുന്നത്.
Comments