ന്യൂഡൽഹി : ദോക്ലാമിൽ സൈന്യത്തെ ഉടനൊന്നും പിൻവലിക്കില്ലെന്ന സൂചന നൽകി ഇന്ത്യ. ഇതിന്റെ ഭാഗമായി ദീർഘനാളത്തേക്ക് പ്രദേശത്തു തങ്ങുന്നതിന് ഇന്ത്യൻ സൈന്യം ഒരുക്കം തുടങ്ങി. കുറച്ചധികം കാലം അതിർത്തിയിൽ തങ്ങുന്നതിനുള്ള തയാറെടുപ്പിന്റെ ഭാഗമായി, ദീർഘകാലാവശ്യത്തിനുള്ള കൂടാരങ്ങൾ ഇന്ത്യ ഇവിടെ നിർമിക്കുന്നതായി റിപ്പോർട്ട് ചെയ്തു. ഇവിടെ തങ്ങുന്നതിന് ആവശ്യമായ സാധനസാമഗ്രികളും അതിർത്തി പ്രദേശത്തേക്ക് അയയ്ക്കുന്നതായും റിപ്പോർട്ടുണ്ട്. എന്തുതരത്തിലുള്ള സമ്മർദ്ദമുണ്ടായാലും അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്ന വ്യക്തമായ സൂചനയാണ് ഇതിലൂടെ ഇന്ത്യ ചൈനയ്ക്കു നൽകുന്നത്. സംഘർഷം തുടർന്നാൽ സൈനികമാർഗം തേടേണ്ടിവരുമെന്നു കഴിഞ്ഞ ദിവസം ചൈന ഭീഷണി മുഴക്കിയിരുന്നു. ഭീഷണികൾക്ക് അതേ നാണയത്തിൽ ലഭിക്കുന്ന മറുപടി ചൈനയെ അലോസരപ്പെടുത്തുന്നുണ്ട്.
Comments