കമ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ചും തന്റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ചും വ്യക്തമായി മനസ്സിലാക്കാതെയാണ് കെജ്രിവാള് തന്നെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. വി.എസ് അച്യുതാനന്ദനെ ആം ആദ്മി പാര്‍ടിയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കെജ്രിവാളിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ തികഞ്ഞ കമ്യൂണിസ്റ്റാണ്. വൈരുദ്ധ്യാത്മിക ഭൗതിക വാദവും ചരിത്രപരമായ ഭൗതിക വാദവും അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയിലാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. വര്‍ഷങ്ങളായി അഴിമതി വിരുദ്ധ പോരാട്ടവും നടത്തുന്നു. താന്‍ അഴിമതി വിരുദ്ധ പോരാട്ടം നടത്തുമ്പോള്‍ കെജ്രിവാള് സ്കൂളില്‍ പഠിക്കുകയായിരുന്നിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ കേസുകള്‍ വാദിക്കുന്ന വക്കീലാണ് പ്രശാന്ത് ഭൂഷണ്. അദ്ദേഹം കേരളത്തിലത്തെിയപ്പോള്‍ ആം ആദ്മി പാര്‍ട്ടിയെ കുറിച്ച് ഉപദേശം ചോദിച്ചിരുന്നെന്നും വി.എസ് വ്യക്തമാക്കി.
ടി.പി കേസില്‍ സി.ബി.ഐ അന്വേഷണം നടത്താമെന്ന് സര്‍ക്കാര്‍ രമക്ക് നല്കിയ വാഗ്ദാനമാണ്. സി.ബി.ഐ അന്വേഷണത്തിന് വിട്ടെങ്കില്‍ അത് തന്‍്റെ പിടലിയില്‍ ചാരേണ്ടെന്നും വി.എസ് വ്യക്തമാക്കി.
സി.ബി.ഐ അന്വേഷണത്തേക്കാള്‍ താന്‍ ഊന്നല്‍ നല്‍കിയത് ഫയാസിന്റെ ജയില്‍ സന്ദര്‍ശനം അന്വേഷിക്കണമെന്നാണ്. സര്‍ക്കാറിലെ ഉന്നതരുടെ സഹായമില്ലാതെ ജയില്‍ സന്ദര്‍ശനം നടക്കിലെന്നും വി.എസ് പറഞ്ഞു.
ടി.പി കേസുമായി ബന്ധപ്പെട്ട് കത്തയച്ചത് കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യും. കേന്ദ്ര കമ്മിറ്റിയില്‍ പങ്കെടുക്കും. പാര്‍ട്ടിയുടെ അച്ചടക്ക നടപടിയെ ഭയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments