ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സി.പി.എം. സംസ്ഥാനസമിതിയുടെ ആദ്യ യോഗത്തില്‍ പങ്കെടുക്കണമെന്ന്, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനോട് സി.പി.എം. സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ചെങ്കിലും അദ്ദേഹം പങ്കെടുക്കാനിടയില്ല.
ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കെല്ലാം പിന്നാലെ മനസ്സിലാകുമെന്ന മറുപടിയാണ് വി.എസ്. നല്‍കിയത്. പാര്‍ട്ടിവിരുദ്ധനെന്ന് വി.എസ്സിനെ വിശേഷിപ്പിക്കുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രമേയം നിലനില്‍ക്കുന്നതിനാല്‍, അദ്ദേഹം സംസ്ഥാനസമിതി യോഗത്തില്‍ പങ്കെടുക്കാന്‍ സാദ്ധ്യതയില്ലെന്നാണ് സൂചന.
അതേസമയം, കേന്ദ്രകമ്മിറ്റി അംഗമായ വി.എസ്. സംസ്ഥാനസമിതി യോഗത്തില്‍ പങ്കെടുക്കണമെന്ന അഭിപ്രായത്തിലാണ് സംസ്ഥാനനേതൃത്വം. മാര്‍ച്ച് രണ്ട്, മൂന്ന് തീയതികളിലാണ് സംസ്ഥാനസമിതി യോഗം. പാര്‍ട്ടികോണ്‍ഗ്രസ്സില്‍ ചര്‍ച്ചചെയ്യുന്ന കരട് രാഷ്ട്രീയപ്രമേയത്തിനും അടവുനയരേഖയ്ക്കുമുള്ള ഭേദഗതികള്‍ ചര്‍ച്ചചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നത്.
Comments