You are Here : Home / News Plus

തിരുവനന്തപുരം ജില്ലയില്‍ നിന്ന് തുടര്‍ച്ചയായി അഞ്ചുതവണ നിയമസഭാംഗം

Text Size  

Story Dated: Saturday, March 07, 2015 06:18 hrs UTC

പരേതനായ എന്‍.പി.ഗോപാലപിള്ളയുടെയും വനജാക്ഷി അമ്മയുടെയും മകനായി  1949 ജനവരി 20ന് വര്‍ക്കലയില്‍ ജനിച്ച കാര്‍ത്തികേയന്‍ തിരുവനന്തപുരം ജില്ലയില്‍ നിന്ന് തുടര്‍ച്ചയായി അഞ്ചുതവണ നിയമസഭാംഗമായ ഏക വ്യക്തിയാണ്. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനകാലത്ത് കെ.എസ്.യുവിന്റെ യൂണിറ്റ് പ്രസിഡന്റ് മുതല്‍ സംസ്ഥാന പ്രസിഡന്റ് വരെ വിവിധ പദവികള്‍ വഹിച്ചു. കേരള സര്‍വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറിയും കേരള സര്‍വകലാശാല സെനറ്റിലെ വിദ്യാര്‍ത്ഥി പ്രതിനിധിയുമായിരുന്നു. യൂത്ത് കോണ്‍ഗ്രസ്സിലെത്തിയപ്പോഴും ബ്ലോക്ക് പ്രസിഡന്റില്‍ തുടങ്ങി സംസ്ഥാന ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് തുടങ്ങി വിവിധ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റി. പിന്നീട് കെ.പി.സി.സിയുടെ ജനറല്‍ സെക്രട്ടറിയും തിരഞ്ഞെടുക്കപ്പെട്ട ഏക വൈസ് പ്രസിഡന്റുമായി ഈ നിയമ ബിരുദധാരി ഉയര്‍ന്നു.


1980ല്‍ വര്‍ക്കലയില്‍ നിന്ന് നിയമസഭയിലേക്കുള്ള കന്നിമത്സരത്തില്‍ കാര്‍ത്തികേയന് പരാജയമായിരുന്നു. സി.പി.എമ്മിലെ കരുത്തനായ വര്‍ക്കല രാധാകൃഷ്ണനായിരുന്നു എതിരാളി. എന്നാല്‍, 1982ല്‍ തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് സി.പി.എമ്മിന്റെ മറ്റൊരു കരുത്തനായ കെ.അനിരുദ്ധനെ അട്ടിമറിച്ച് ആദ്യമായി നിയമസഭയിലെത്തി. 1987ല്‍ സി.പി.എമ്മിലെ എം.വിജയകുമാറിനോടു തോറ്റു. 1991ല്‍ ആര്യനാട്ടെത്തിയ കാര്‍ത്തികേയന്‍ അവിടെ നിന്ന് 2006 വരെ തുടര്‍ച്ചയായി 20 വര്‍ഷം എം.എല്‍.എ. ആയി. ഇക്കുറി ആര്യനാട് അരുവിക്കരയായി രൂപം മാറിയപ്പോഴും എം.എല്‍.എ. കാര്‍ത്തികേയന്‍ തന്നെ. ജില്ലയില്‍ യു.ഡി.എഫ്. ഏറ്റവുമാദ്യം വിജയമുറപ്പിച്ച മണ്ഡലം. തിരുവനന്തപുരം ജില്ലയില്‍ നിന്ന് തുടര്‍ച്ചയായി അഞ്ചുതവണ നിയമസഭാംഗമായതിന്റെ ഖ്യാതിയും ഇദ്ദേഹത്തിനു മാത്രം സ്വന്തം.

രണ്ടുതവണ സംസ്ഥാന മന്ത്രിസഭാംഗമായിരുന്നു.  1995ല്‍ വൈദ്യുതി മന്ത്രിയായിരുന്നുവെങ്കില്‍ 2001ല്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ചുമതലയായിരുന്നു. രണ്ടുതവണയും അഞ്ചുവര്‍ഷം തികച്ച് മന്ത്രിയായിരുന്നില്ല എന്ന വസ്തുതയുമുണ്ട്.  1991ല്‍ കെ.കരുണാകരനുകീഴില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി ചീഫ് വിപ്പുമായിരുന്നു. 
യാത്രയ്‌ക്കൊപ്പം വായന, സംഗീതം, സിനിമ, ഫുട്‌ബോള്‍ എന്നിവയും ഇഷ്ടവിനോദങ്ങളാണ്. ആഴത്തിലുള്ള വായന കൈമുതലായ ചുരുക്കം രാഷ്ട്രീയക്കാരിലൊരാളായിരുന്നു കാര്‍ത്തികേയന്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.