തിരുവനന്തപുരം : ജിഷ്ണു പ്രണോയുടെ അമ്മ മഹിജയും കുടുംബാംഗങ്ങളും നടത്തുന്ന നിരാഹാര സമരം അവസാനിപ്പിച്ചേക്കും. മരണത്തിന് കാരണക്കാരായവരെന്ന് പൊലീസ് കണ്ടെത്തിയ പ്രതികളില്‍ മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയിലായ സാഹചര്യത്തിലാണ് സമരം ഒത്തുതീരാന്‍ വഴിതെളിഞ്ഞത്. കേസിലെ മൂന്നാം പ്രതിയായ ശക്തിവേലിന്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് വൈകീട്ട് മാധ്യമങ്ങളെ കാണുന്ന ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ ഇക്കാര്യം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. കേസിലെ പ്രതികള്‍ പൊലീസ് വലയിലായ കാര്യം, പ്രശ്നത്തില്‍ അനുനയ നീക്കം തുടരുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ജിഷ്ണുവിന്റെ കുടുംബത്തെ അറിയിച്ചതായാണ് സൂചന. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. കെപി ഉദയഭാനു പ്രതികളെ പൊലീസ് പിടികൂടിയ കാര്യം ഔദ്യോഗികമായി വിശദീകരിക്കും. നിരാഹാര സമരം തുടരുന്ന ജിഷ്ണുവിന്റെ അമ്മ മഹിജ, അമ്മാവന് ശ്രീജിത്ത്, അച്ഛന് അശോകന് എന്നിവരെ ടെലഫോണില്‍ വിളിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും അനുനയ നീക്കം നടത്തിയിരുന്നു.
Comments