ചെന്നൈ∙ പാർട്ടിയിലും സർക്കാരിലും പ്രതിസന്ധി ഒഴിവാക്കാനാണു തീരുമാനമെന്ന് അണ്ണാ ഡിഎംകെ ഡപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരൻ മാധ്യമങ്ങളോടു പറഞ്ഞു. സഹോദരങ്ങളുമായി തർക്കത്തിനില്ലെന്നു വ്യക്തമാക്കിയ ദിനകരൻ, അണ്ണാ ഡിഎംകെയിൽ തനിക്കെതിരെ പ്രശ്നങ്ങളില്ലെന്നും പറഞ്ഞു. തന്നെ ആരും പുറത്താക്കിയിട്ടില്ല. പാർട്ടിക്കും സർക്കാരിനും ഗുണകരമാകുന്ന തരത്തിൽ തീരുമാനങ്ങളെടുക്കാൻ തനിക്കറിയാം. തന്റെ തീരുമാനങ്ങൾ മാത്രമാണ് പാർട്ടിക്കു നല്ലത്. പാർട്ടിയിലെ എല്ലാ എംഎൽഎമാരും തനിക്കൊപ്പമാണുള്ളത്. ശക്തി പ്രകടനം നടത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, എംഎൽഎമാരുടെ പിന്തുണയില്ലെന്ന് വ്യക്തമായതോടെയാണ് ദിനകരൻ നിയമസഭാ കക്ഷിയോഗം റദ്ദാക്കിയതെന്നാണ് വിവരം. ദിനകരൻ പക്ഷത്തുണ്ടായിരുന്ന ദിണ്ടിഗൽ ശ്രീനിവാസൻ ഉൾപ്പെടെ ചില മന്ത്രിമാർ ചൊവ്വാഴ്ച രാത്രി തന്നെ കൂറുമാറിയിരുന്നു. ഈ സാഹചര്യത്തിൽ ദിനകരൻ ഏറെക്കുറെ പരാജയം സമ്മതിച്ചു കഴിഞ്ഞു.
Comments