മുംബൈ: ദീപാവലിയോട് അനുബന്ധിച്ചുള്ള സംവത് 2070 മുഹൂര്‍ത്ത വ്യാപാരത്തില്‍ ഓഹരി വിപണി നേട്ടത്തില്‍. കഴിഞ്ഞ അഞ്ച് സംവത് വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും മികച്ച ഉണര്‍വാണിത്. മുംബൈ ഓഹരി സൂചിക സെന്‍സെക്സും ദേശീയ സൂചിക നിഫ്റ്റിയും വലിയ മുന്നേറ്റമാണ് നടത്തിയത്. സെന്‍സെക്സ് 26.12 ശതമാനവും നിഫ്റ്റി 26.77 ശതമാനവും ഉയര്‍ന്നു.
നിഫ്റ്റി 8,000 പോയന്റ് വീണ്ടും മറികടന്നു. സമ്പത്ത് വ്യവസ്ഥയില്‍ വന്‍ ഉയര്‍ച്ചയുണ്ടാകുമെന്നും അടുത്ത ദീപാവലി (സംവത് 2071)ക്ക് നിഫ്റ്റി 9,000 പോയന്റ് മറികടക്കുമെന്നും സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
സെന്‍സെക്സ് 63.82 പോയന്റ് ഉയര്‍ന്ന് 26,851.05ലും നിഫ്റ്റി 18.65 പോയന്റ് ഉയര്‍ന്ന് 8,015.55 പോയന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ജിന്‍ഡാല്‍ സ്റ്റീല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ മോട്ടേഴ്സ്, ബജാജ് ഓട്ടോ, റിലയന്‍സ് എന്നീ കമ്പനികള്‍ നേട്ടം കൈവരിച്ചു. ഒ.എന്‍.ജി.സി, ടി.വി.എസ് മോട്ടേഴ്സ്, ഇന്ത്യന്‍ ഓയില്‍ കോര്പറേഷന്, ഡി.എല്‍.എഫ്, വിപ്രോ എന്നിവ നഷ്ടത്തില്‍.
വൈകിട്ട് 6.15 മുതല്‍ 7.30 വരെ 75 മിനിട്ടാണ് മുഹൂര്‍ത്ത വ്യാപാരം നടന്നത്. മൂന്ന് ദിവസത്തെ അവധിക്ക് ശേഷം ഒക്ടോബര്‍ 27ന് ഓഹരി വ്യാപാരം പുനരാരംഭിക്കും.
Comments