കരസേനയില്‍ തൊഴില്‍ പീഡനം ആരോപിച്ച് രംഗത്തെത്തിയ മലയാളി സൈനികനെ മരിച്ച നിലയില്‍ കണ്ടെത്തി. നാസികില്‍ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശി റോയ് മാത്യുവാണ് മരണപ്പെട്ടത്. കഴിഞ്ഞ മാസം 25 മുതല്‍ റോയ് മാത്യുവിനെ കാണാനില്ലായിരുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. റോയിയെ തടവില്‍ വെച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
കരസേനയിലെ റോക്കറ്റ് റജിമെന്ററിയില്‍ ലാന്‍സ് നായികായിരുന്നു റോയ് മാത്യു. 13 വര്‍ഷമായി കരസേനയില്‍ ജോലി ചെയ്തിരുന്ന ജോയ് രണ്ട് വര്‍ഷം മുമ്പാണ് നാസികിലെത്തിയത്. ഡിസംബര്‍ 28നാണ് അവസാനം നാട്ടില്‍ വന്ന് മടങ്ങിയത്. കഴിഞ്ഞ മാസം 25ന് ജോലി സ്ഥലത്ത് ചില പ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹം ഭാര്യയെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നാണ് അറിയാന്‍ കഴിഞ്ഞത്. സൈനിക ഉദ്ദ്യോഗസ്ഥരിലൂടെ അടക്കം ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു.
Comments