You are Here : Home / News Plus

പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ ജനനസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല

Text Size  

Story Dated: Saturday, December 24, 2016 06:04 hrs UTC

1989 ജനുവരി 26നുശേഷം ജനിച്ചവര്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ നിര്‍ബന്ധമായും ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയില്‍ ഇളവ്. ഇനി മുതല്‍ പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്ന ഏതൊരാളും ജനന സര്‍ട്ടിഫിക്കറ്റ്, മെട്രിക്കുലേഷന്‍ (എസ്എസ്എല്‍സി) സര്‍ട്ടിഫിക്കറ്റിലെ ജനനത്തീയതി, ജനനത്തീയതി അടക്കമുള്ള പാന്‍ കാര്‍ഡ്, ആധാര്‍- ഇ ആധാര്‍, ഡ്രൈവിങ് ലൈസന്‍സ്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കുന്ന പോളിസി ബോണ്ട് എന്നിവയില്‍ ഏതെങ്കിലും ജനനത്തീയതി തെളിയിക്കുന്നതിനായി സമര്‍പ്പിച്ചാല്‍ മതിയാകും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മേലുദ്യോഗസ്ഥന്റെ ഒപ്പോടെയുള്ള ജനനത്തീയതി രേഖപ്പെടുത്തിയിട്ടുള്ള സര്‍വീസ് റെക്കോഡ് ഹാജരാക്കാം.  സര്‍വീസില്‍നിന്ന് വിരമിച്ചവര്‍ക്ക് പേ പെന്‍ഷന്‍ ഓര്‍ഡര്‍ ഹാജരാക്കാം.

ദത്തെടുത്ത കുട്ടികളുടെയും ഏകരക്ഷിതാവുള്ള കുട്ടികളുടെയും പാസ്‌പോര്‍ട്ട് അപേക്ഷകളുടെ കാര്യത്തിലും നയപരമായ മാറ്റം വരുത്തിയിട്ടുണ്ട്. അച്ഛന്റെ പേര് പാസ്പോര്‍ട്ട് അപേക്ഷയില്‍ പരാമര്‍ശിക്കേണ്ടതില്ലെന്ന് അമ്മയോ കുട്ടിയോ താല്‍പ്പര്യപ്പെട്ടാല്‍ അപേക്ഷ എങ്ങനെയാകാമെന്ന കാര്യത്തിലും മാറ്റം വരുത്തി. ഇത്തരം പ്രശ്നങ്ങള്‍ പഠിക്കാന്‍ വിദേശ മന്ത്രാലയത്തിലെയും വനിതാ- ശിശുവികസന മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഒരു മൂന്നംഗ സമിതിക്ക് രൂപം നല്‍കിയിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് പുതിയ മാറ്റങ്ങളെന്ന് വിദേശ മന്ത്രാലയം അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.