You are Here : Home / News Plus

അമേരിക്കൻ ജനതക്ക്​ നന്ദി പറഞ്ഞ്​ ഒബാമയുടെ വിടവാങ്ങൽ പ്രസംഗം

Text Size  

Story Dated: Wednesday, January 11, 2017 05:28 hrs UTC

അമേരിക്കൻ ജനതയ്ക്ക് നന്ദി പറഞ്ഞ് പ്രസിഡന്റ് ബരാക് ഒബാമയുടെ വിടവാങ്ങൽ പ്രസംഗം . വർണ വിവേചനം ഇപ്പോഴും വെല്ലുവിളിയാണെന്നു പറഞ്ഞ ഒബാമ  സഹപ്രവർത്തകർക്ക്​ അഭിനന്ദവും  അറിയിച്ചു.

ഇന്ത്യന്‍ സമയം രാവിലെ 7.30 ന്​ ചിക്കാഗോയിൽ തടിച്ച്​ കൂടിയ അനുയായികളെ അഭിസംബോധന ചെയ്​ത ഒബാമയുടെ പ്രസംഗത്തിൽ ഭീകരതയും വംശീയ വിവേചനവും കാലവസ്​ഥാ മാറ്റവും മുഖ്യവിഷയങ്ങളായിരുന്നു.

എല്ലാ ദിവസവും നിങ്ങളിൽനിന്ന് ഒരുപാട് കാര്യം പഠിക്കാനുണ്ടായിരുന്നു. നല്ലൊരു പ്രസിഡന്‍റാക്കിയതും മനുഷ്യനാക്കിയതും നിങ്ങളാണ്. സാധാരണക്കാർ ഒന്നിക്കുമ്പോഴാണ് പല കാര്യങ്ങളും സാധ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയിൽ വര്‍ണവിവേചനം ഇപ്പോഴും വെല്ലുവിളിയായി തുടരുന്നു. നിയമങ്ങള്‍ മാറിയതുകൊണ്ട് കാര്യമില്ല. ഹൃദയങ്ങള്‍ മാറിയാലേ കൂടുതല്‍ മുന്നേറാന്‍ നമുക്ക് കഴിയൂ. മൂല്യങ്ങള്‍ നഷ്ടപ്പെടുന്നതില്‍ ജാഗ്രത പുലര്‍ത്തണം. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള സാമൂഹ്യക്ഷേമ പദ്ധതികള്‍, ഉസാമ ബിന്‍ ലാദന്‍റെ വധം അടക്കം ഭീകരവിരുദ്ധപോരാട്ടത്തിലെ നേട്ടങ്ങള്‍ ഒക്കെ ഒബാമ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

എട്ട് വര്‍ഷം തന്നെ പിന്തുണച്ച അമേരിക്കന്‍ ജനതക്ക് നന്ദി പറയുന്നു. വളരെയധികം ശുഭാപ്​തി വിശ്വാസമുള്ളവനായിട്ടാണ്​ ഇന്ന്​ രാത്രി ഞാൻ ഈ വേദി വിടുന്നത്​. നിങ്ങളുടെ കമാൻഡർ ഇൻ ചീഫ് ആയിരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. നിങ്ങൾ നൽകിയ എല്ലാ പിന്തുണക്കും നിങ്ങളെ സല്യൂട്ട് ചെയ്യുന്നു. വൈസ്​ പ്രസിഡൻറ്​ ജോ ബൈഡ​നെ ഒബാമ അഭിനന്ദിച്ചു. മക്കളെ കുറിച്ച്​ പറഞ്ഞ ഒബാമ അവരുടെ പിതാവായിരിക്കുന്നതിൽ അഭിമാനിക്കുന്നു എന്നും പറഞ്ഞു.

റഷ്യക്കോ ചൈനക്കോ ലോകത്ത് നമ്മുക്കുള്ള സ്വാധീനത്തിനൊപ്പമെത്താന്‍ കഴിയില്ല. കഴിഞ്ഞ എട്ടുവർഷ കാലായളവിൽ  അമേരിക്കയിൽ വിദേശ തീവ്രവാദികൾക്ക്​ അക്രമണം നടത്താൻ കഴിഞ്ഞിട്ടി​ല്ലെന്നും എന്നാൽ ബോസ്​റ്റൺ മാരത്തൺ, സാൻ ബെർനാൻറിനോ കൂട്ടക്കൊല പോലെയുള്ള ആഭ്യന്തര ഭീകര പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെന്നും  ഒബാമ കൂട്ടിച്ചേർത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.