ബംഗലൂരുവിൽ നിന്ന് ചെന്നൈ സെൻട്രൽ ജയിലിലേക്ക് മാറാൻ എഐഎഡിഎംകെ ജനറൽ സെക്രട്ടറി വി കെ ശശികല നീക്കം തുടങ്ങി. പരപ്പന അഗ്രഹാര ജയിലിൽ നിന്ന് മാറ്റം ആവശ്യപ്പെട്ട് ശശികല ഉടൻ അപേക്ഷ സമർപ്പിച്ചേക്കും. അപേക്ഷ പരിഗണനയ്ക്കെത്തിയാൽ കർണാടക സർക്കാർ എതിർക്കില്ലെന്നാണ് സൂചന.അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട ശശികലയെ പരപ്പന അഗ്രഹാര ജയിലിലാക്കിയതുമുതൽ അവരുടെ ജയിൽ മാറ്റവും ചർച്ചയായിരുന്നു.
കൂടുതൽ സൗകര്യങ്ങൾ പരപ്പന ജയിലിൽ വേണമെന്ന ആവശ്യം തളളിയതും തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളും ജയിൽ മാറ്റ ചർച്ചകൾക്ക് കാരണമായി. തമിഴ്നാട്ടിൽ പളനിസ്വാമി മന്ത്രിസഭ വിശ്വാസവോട്ട് നേടി അധികാരമേറ്റതോടെ ജയിൽ മാറാനുളള നീക്കങ്ങളും സജീവമായതായാണ് വിവരം.അഭിഭാഷകരുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയ ശശികല പരപ്പന അഗ്രഹാര ജയിൽ സൂപ്രണ്ടിന് ഉടൻ അപേക്ഷ സമർപ്പിച്ചേക്കും.
Comments