You are Here : Home / News Plus

ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതിക്ക് പിന്തുണയര്‍പ്പിച്ച് ഭാഗ്യലക്ഷ്മി

Text Size  

Story Dated: Sunday, May 21, 2017 10:00 hrs UTC

തിരുവനന്തപുരത്ത് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതിക്ക് പിന്തുണയര്‍പ്പിച്ച് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. യുവതി നാട്ടിലെ പെണ്‍കുട്ടികള്‍ക്ക് നല്‍കിയത് ഒരു സന്ദേശമാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

ഭാഗ്യലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

സ്വാമി എന്ന പദം ഞാന്‍ ഉപയോഗിക്കുന്നില്ല.
ആ വൃത്തികെട്ടവന്റെ ലിംഗം ഛേദിച്ച ആ പെണ്‍കുട്ടിയെ ഫെയ്‌സ്ബുക്കിലൂടെ ചിലര്‍ വിചാരണ ചെയ്യുന്നു…
ഇത്രയും കാലം മിണ്ടാതിരുന്നതെന്താ?
വീട്ടില്‍ താമസിപ്പിച്ചതെന്തിനാ?
ഇന്ന് ചെയ്തത് അന്നേ ചെയ്തു കൂടായിരുന്നോ?
വീട്ടില്‍ പറയാത്തതെന്താ?
സുഹൃത്തുക്കളോട് പറയാമായിരുന്നില്ലേ?
പൊലീസില്‍ പറയാമായിരുന്നില്ലേ?
വനിതാ കമ്മിഷനില്‍ പറയാമായിരുന്നില്ലേ?
ഹൊ എന്തൊക്കെ ചോദ്യ ശരങ്ങളാണ്.

വല്ലാതെ സങ്കടം തോന്നുന്നു…എന്താണീ മനുഷ്യരിങ്ങനെ? നിങ്ങള്‍ പറഞ്ഞ രീതിയിലെല്ലാം ചെയ്ത പെണ്‍കുട്ടികളുടെ കേസുകളുടെ ഇന്നത്തെ അവസ്ഥയെന്താണ്? ഇപ്പോഴും തലയില്‍ തുണിയുമിട്ട് തെളിവുകള്‍ക്കായി തെക്കോട്ടും വടക്കോട്ടും നെട്ടോട്ടമോടുന്നു… ചിലര്‍ മരണപ്പെടുന്നു അല്ലെങ്കില്‍ കൊല്ലുന്നു.

കുറ്റവാളികളോ? അട്ടഹാസച്ചിരിയോടെ അത് കണ്ട് രസിക്കുന്നു.
സമൂഹമോ?സഹതപിക്കുന്നു…

സൂര്യനെല്ലി പെണ്‍കുട്ടിയോട് കോടതിയും നമ്മളും ചോദിച്ചു നിനക്ക് ഓടി രക്ഷപ്പെടാമായിരുന്നില്ലേ എന്ന്. ഡെല്‍ഹി പെണ്‍കുട്ടിയോട് ചോദിച്ചു എന്തിന് രാത്രി കറങ്ങി നടന്നു എന്ന്. സൗമ്യയോട് ഒറ്റക്ക് ട്രെയിനില്‍ ഇരുന്നതെന്തിനെന്ന് ചോദിച്ചു. ജിഷ അഹങ്കാരിയായിരുന്നു. ഇതെല്ലാം ബലാത്സംഗം ചെയ്യാനുളള കാരണവും ലൈസന്‍സുമാണോ?

കഷ്ടം…ഇതിങ്ങനെ കാലാകാലം ആവര്‍ത്തിച്ച് കാണാനാണ് നിയമത്തിനും സമൂഹത്തിനും താല്പര്യം…ഞങ്ങള്‍ നിന്നെ സംരക്ഷിക്കില്ല നീയും നിന്നെ സംരക്ഷിക്കണ്ട എന്നാണോ?

ഒരു പെണ്‍കുട്ടി വെല്ലു വിളിച്ചിരിക്കുകയാണ്.
സ്വന്തം മാതാപിതാക്കളോട്,
നിയമ സംവിധാനങ്ങളോട്
സമൂഹത്തോട്… ഈ പറഞ്ഞ രീതിയിലെല്ലാം ഞാന്‍ ചെയ്തിരുന്നെങ്കില്‍?
എനിക്ക് നീതി കിട്ടുമെന്ന് ഉറപ്പു കൊടുക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമായിരുന്നോ എന്ന്.
അവളോട് കാണിച്ചുകൊണ്ടിരുന്ന ഈ അതിക്രമത്തിന് മാനസികമായും ശാരീരികമായും തയാറെടുക്കാന്‍ അവള്‍ക്കിത്രയും കാലം വേണ്ടിവന്നു. അവള്‍ക്ക് തോന്നിയിരിക്കാം പോയി പറയാനൊരിടമില്ല, പറഞ്ഞിട്ട് കാര്യവുമില്ല.

എന്റെ കോടതിയില്‍ ഞാന്‍ വിധി നടപ്പാക്കുന്നു. എന്റെ പ്രായത്തിന്റെ, ശരീരത്തിന്റെ, സമൂഹത്തിന്റെ നിസ്സഹായാവസ്ഥ മുതലെടുത്തുകൊണ്ട്,നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ചുകൊണ്ട് എന്റെ ശരീരത്തെ ചൂഷണം ചെയ്യുന്നവന് ഞാന്‍ ശിക്ഷ നല്‍കുന്നു.
അവിടെ ജനാധിപത്യമില്ല, വിചാരണയില്ല. എന്റെ സുരക്ഷിതത്വം എന്റെ കൈയിലാണ് എന്ന വിധിയേയുളളു..

നമ്മുടെ നിയമത്തിന്റെ മുമ്പില്‍ ആളൂരിനെപ്പോലെ ഒരു വക്കീലിന്റെ വാദത്തില്‍ നാളെ അവള്‍ക്ക് ശിക്ഷ കിട്ടിയാലും അവള്‍ തളരില്ല.കാരണം അവനെ ലിംഗഛേദം ചെയ്യാതെ വെറുമൊരു ബലാത്സംഗ കേസായിരുന്നെങ്കില്‍ വിചാരണയുടെ പേരില്‍ അവളെ അപമാനിച്ച് ശിക്ഷിക്കുന്നതിലും എത്രയോ അഭിമാനമുണ്ട് ഈ ശിക്ഷയില്‍… ഇനിയൊരു പെണ്ണിനെ തൊടാന്‍ അവന് ധൈര്യമുണ്ടോ? അതവള്‍ക്കറിയാം…

അതിനായിരിക്കാം ആ പെണ്‍കുട്ടി നിയമത്തില്‍ ബിരുദമെടുക്കുന്നത്.. പ്രായ വിത്യാസമില്ലാതെ ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന ബലാത്സംഗം എന്തുകൊണ്ടാണ് സംഭവിക്കുന്നത്?

ഇന്നവള്‍ നമ്മുടെ നാട്ടിലെ പെണ്‍കുട്ടികള്‍ക്ക് നല്‍കിയ ഒരു സന്ദേശമുണ്ട്, നിന്നെ സംരക്ഷിക്കാന്‍ നീ ആയുധമെടുക്കൂ എന്ന്. ഈയവസ്ഥയിലേക്ക് നാളെ സ്ത്രീ സമൂഹമെത്തിയാല്‍ ഇതാവര്‍ത്തിച്ചാല്‍ അതിന് കുറ്റക്കാര്‍ ആരാണെന്ന് നമ്മള്‍ സ്വയം ചിന്തിക്കണം…
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.