You are Here : Home / News Plus

പ്രത്യേക യാത്രയ്ക്ക് അവസരമൊരുക്കി കൊച്ചി മെട്രോ

Text Size  

Story Dated: Sunday, June 18, 2017 07:48 hrs UTC

കൊച്ചി∙ കൊച്ചി മെട്രോയുടെ ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുത്തവർക്കു നൽകിയ ടിക്കറ്റ് ഇപ്പോഴും സൂക്ഷിച്ചിരുന്നവർക്കാണു പ്രത്യേക യാത്രയ്ക്ക് അവസരമൊരുക്കിയത്. രാജ്യത്തെ മെട്രോകളുടെ ചരിത്രത്തിൽതന്നെ അപൂർവമായി മാറി ഈ യാത്ര. പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ് 2012 സെപ്റ്റംബർ 12നാണു കൊച്ചി മെട്രോയുടെ ശിലാസ്ഥാപനം മറൈൻ ഡ്രൈവിൽ നിർവഹിച്ചത്. ഈ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചവർക്കെല്ലാം ക്ഷണക്കത്തിനൊപ്പം കൊച്ചി മെട്രോ പ്രത്യേക കാർഡും നൽകിയിരുന്നു. ഈ കാർഡുള്ളവർക്കു മെട്രോയുടെ ഉദ്ഘാടന ചടങ്ങിനുശേഷം പ്രത്യേക സവാരിയായിരുന്നു വാഗ്ദാനം. കാർഡ് അഞ്ചുവർഷമായി സൂക്ഷിച്ചവരാണു ഞായറാഴ്ച മെട്രോയിൽ സവാരി നടത്തിയത്. നാലു മണിമുതൽ ആറു മണിവരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. കാർഡുപയോഗിച്ച് ഞായറാഴ്ച മാത്രമേ യാത്ര ചെയ്യാൻ കഴിയൂവെന്നും ഇനി കാർഡ് സ്വീകരിക്കില്ലെന്നും മെ‌ട്രോ അധികൃതർ അറിയിച്ചു. കൊച്ചി മെട്രോയുടെ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുത്തപ്പോൾ ലഭിച്ച കാർഡ് ഉപയോഗിച്ച് അഞ്ചുവർഷത്തിനുശേഷം യാത്ര ചെയ്യാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നു കൊച്ചി സ്വദേശി ഗോകുലൻ പറഞ്ഞു. കൊച്ചി മെട്രോ എത്രയും വേഗം പൂർത്തിയാകുമെന്ന വിശ്വാസത്താലാണു കാർഡ് സൂക്ഷിച്ചതെന്നു യാത്രയ്ക്കെത്തിയവർ ചൂണ്ടിക്കാട്ടി. ഒന്നിലേറെ കാർഡുകൾ സൂക്ഷിച്ചുവച്ചു കുടുംബസമേതം യാത്രയ്ക്കെത്തിയവരും ഉണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.