വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് പിന്തുണയുമായി കോണ്‍ഗ്രസ്. പാസ്പോര്‍ട്ട് ഓഫീസ് ജീവനക്കാരനെതിരെ നടപടിയെടുത്ത മന്ത്രി സമൂഹ മാധ്യമങ്ങളില്‍ വലിയതോതില്‍ അധിക്ഷേപിക്കപ്പെട്ട സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ പിന്തുണ. സ്വന്തം പാര്ട്ടിക്കാരില്നിന്നുള്ള വിമര്‍ശനങ്ങളെ നേരിടുന്ന നിലപാടിനെ പിന്തുണയ്ക്കുന്നതായി കാട്ടിയാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്ററില്‍നിന്ന് ട്വീറ്റ് ചെയ്തിരിക്കുന്നത്. മിശ്രവിവാഹിതരായ ദമ്പതികളോട് മതം മാറാന്‍ ആവശ്യപ്പെട്ട പാസ്പോര്‍ട്ട് ഓഫീസര്‍ക്കെതിരെ നടപടിയെടുത്തതിന്റെ പേരില്‍ തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ അധിക്ഷേപങ്ങള്‍ നടക്കുന്നതായി സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തിരുന്നു. അധിക്ഷേപം ചൊരിഞ്ഞുകൊണ്ടുള്ള ട്വീറ്റുകളുടെ ചില മാതൃകകളും അവര്‍ പങ്കുവെച്ചിരുന്നു. മന്ത്രിയുടെ നടപടികളെ വര്‍ഗീയമായി വ്യാഖ്യാനിച്ചുകൊണ്ടും അവരെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടുമായിരുന്നു ആക്രമണം.
Comments