You are Here : Home / News Plus

പച്ചക്കറികളില്‍ കീടനാശിനി കണ്ടെത്തിയാല്‍ നടപടി

Text Size  

Story Dated: Wednesday, November 19, 2014 03:43 hrs UTC

വിപണിയിലെത്തിക്കുന്ന പച്ചക്കറികളില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കും. സുരക്ഷിതമായ പച്ചക്കറികള്‍ ലഭ്യമാക്കുന്നതിന് നേതൃത്വം നല്‍കാന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തില്‍ അതോറിറ്റിക്ക് രൂപം നല്‍കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. അന്തസ്സംസ്ഥാന ഏകോപനം ഉറപ്പുവരുത്തുകയാണ് അതോറിറ്റിയുടെ ലക്ഷ്യം. ആരോഗ്യം, കൃഷി, മൃഗസംരക്ഷണം, വില്പന നികുതി വകുപ്പുകളിലേയും കാര്‍ഷിക സര്‍വകലാശാല, ഹോര്‍ട്ടികോര്‍പ്പ് എന്നിവയിലേയും ഉന്നതരുടെ നേതൃത്വത്തിലാണ് അതോറിറ്റി രൂപവത്കരിക്കുക.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍മാരുടെയും ആരോഗ്യവകുപ്പ് സെക്രട്ടറിമാരുടെയും യോഗം വിളിക്കാന്‍ കേന്ദ്ര ഫുഡ് സേഫ്ടി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കും. അന്യസംസ്ഥാനങ്ങളില്‍നിന്ന് പച്ചക്കറി വാങ്ങി വിതരണം ചെയ്യുന്ന മൊത്തവ്യാപാരികളുടെ യോഗം വിളിക്കും. പച്ചക്കറികളിലെ കീടനാശിനിസാന്നിധ്യം നീക്കം ചെയ്യുന്നതിനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കും. ഇതു സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പച്ചക്കറി വില്പനശാലകളില്‍ പ്രദര്‍ശിപ്പിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കും. കേരള വിപണിയിലേക്കുള്ള പച്ചക്കറി വിളയിക്കുന്ന അന്യസംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളില്‍ പരിശോധനകള്‍ ഊര്‍ജിതമാക്കാനും തൊഴിലാളികള്‍ അടക്കമുള്ളവര്‍ക്ക് ബോധവത്കരണം നല്‍കാനും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.