You are Here : Home / News Plus

കാന്റീന്‍ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന വാര്‍ത്ത പ്രചരിച്ചതിനു പിന്നില്‍ ഗൂഢാലോചന

Text Size  

Story Dated: Wednesday, March 01, 2017 12:02 hrs UTC

തിരുവനന്തപുരം: കാന്റീന്‍ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന വാര്‍ത്ത പ്രചരിച്ചതിനു പിന്നില്‍ ഗൂഢാലോചന .കെഎം മാണിയുടെ കൂടെയുള്ളവരാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നിലെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് പിസി ജോര്‍ജ്ജ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

 

പിസി ജോര്‍ജ്ജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

 

പ്രിയ സ്നേഹിതരെ… എന്റെ രാഷ്ട്രീയ ജീവിതത്തിൽ ഒരുപാട് ആരോപണങ്ങൾക്കൊന്നും വിധേയനായിട്ടില്ലെങ്കിലും, വ്യക്തിപരമായി എന്നെ തേജോവധം ചെയ്യാൻ ധാരാളം ശ്രമങ്ങൾ നടന്നിട്ടുണ്ട്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി എനിക്കെതിരെ ഇന്നലെ നടന്ന നീചമായ രാഷ്ട്രീയ നാടകത്തിന് ഇരയാകേണ്ടിവന്നതിൽ എനിക്ക് അതിയായ ഖേദവും, അമർഷവുമുണ്ട്. ഒരു പൊതുപ്രവർത്തകനെന്ന നിലയിൽ ഞാൻ പലരോടും രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിട്ടുണ്ട്, അതൊന്നും തന്നെ ഒരു തൊഴിലാളിയോടോ പാവപെട്ടവനോടോ ആയിരുന്നില്ല, മറിച്ച് എന്റെ അടുക്കൽ നീതിനിഷേധിക്കപ്പെട്ട് പരാതിയുമായിവരുന്ന ഓരോരുത്തർക്കുമായി അവരുടെ ന്യായമായ ആവശ്യങ്ങൾക്ക് നേരെ മുഖം തിരിക്കുന്ന അധികാര വർഗ്ഗത്തോടാണ്. ഇതൊരു ചാനൽ ചർച്ചപോലുമാകാൻ ഇടവന്ന സാഹചര്യം എന്നെ വല്ലാതെ വേദനിപ്പിച്ചു.

 

 

 

മുഖത്തുനോക്കി ആ കൊച്ചും അവനെക്കൊണ്ട് ഇത് പറയിക്കുന്നവരും സത്യവിരുദ്ധമായി കാര്യങ്ങൾ പറയുമ്പോൾ രൂക്ഷമായി പ്രതികരിച്ചുപോകുമെന്നതുകൊണ്ടാണ് ഒരു ചർച്ചയിലും ഇതിനെകുറിച്ച് സംസാരിക്കാൻ പോലും പോകാതിരുന്നത്. പ്രിയ മാധ്യമ സുഹൃത്തുക്കളെ ഞാനും നിങ്ങളെപോലെതന്നെ മജ്ജയും, മാസവുംമുള്ള ഒരു പച്ചയായ മനുഷ്യൻ തന്നെയാണ് എം. എൽ. എ. എന്നത് കൊണ്ട് എന്തുമാകാം എന്ന് കരുതുന്നവനല്ലഞാൻ. എനിക്കെതിരെ എന്ത് വാർത്ത വന്നാലും അത് ആറുകോളം വാർത്തയാക്കുന്നവർ ഇതിന്റെ സത്യാവസ്ഥ മനസിലാക്കിയാലും അത് പറയില്ലന്നറിയാവുന്നതുകൊണ്ട് എന്താണിവിടെ നടന്ന രാഷ്ട്രീയ നാടകമെന്നത് ഈ സാമൂഹ്യ മാധ്യമത്തിലൂടെ നിങ്ങളോട് ഞാൻ പറയുകയാണ്. ഇന്നലെ നിയമസഭയിൽ നിന്ന് 1:25 ന് എം. എൽ. എ. ഹോസ്റ്റലിൽ എന്റെ മുറിയിലെത്തിയ ഞാൻ കുടുംബശ്രീ കാന്റീനിൽ വിളിച്ച് ഭക്ഷണത്തിനായി പറഞ്ഞു. 2:05 ന് ആ പയ്യൻ എത്തുന്നതിനിടയിൽ കൃത്യം നാല് പ്രാവശ്യം ഞാൻ കാന്റീനിൽ വിളിക്കുകയുണ്ടായി. വെറും മൂന്ന് മിനിറ്റ്കൊണ്ട് എത്താൻ സാധിക്കുമെന്നിരിക്കെ കൊടുത്തുവിട്ടിട്ട് 20 മിനിറ്റിലധികമായി എന്ന് കാന്റീൻ ജീവനക്കാരി പറഞ്ഞുകൊണ്ടിരിക്കുമ്പോൾ 2:05 ന് ഈ പയ്യൻ കയറി വന്നു.

 

ആ സമയം ഫോണിലൂടെ ആ കാന്റീൻ ജീവനക്കാരിയോട് ആ വൃത്തികെട്ടവൻ വന്നിട്ടുണ്ട് ഇവനെപ്പോലുള്ളവരെ സ്റ്റാഫിൽ നിന്ന് ഒഴിവാക്കണമെന്നും പറഞ്ഞ് ഫോൺ കട്ട് ചെയ്ത് അവനോട് ഒരൽപം ദേഷ്യത്തിൽ ചോദിച്ചു. നിന്നെ അവിടുന്ന് വിട്ടിട്ട് 20 മിനിറ്റായല്ലോ എന്ന്. നിങ്ങൾക്ക് മാത്രമല്ല ഇവിടെ പലമുറികളിലും ഊണ് കൊടുക്കാനുണ്ടെന്ന് ധിക്കാരപരമായി ഈ പയ്യൻ മറുപടി പറഞ്ഞു. കൂടുതൽ വർത്തമാനം പറയാതെ ഊണ് കൊണ്ട് ഡൈനിങ്ങ് റൂമിൽ വെച്ചിട്ട് പോകാൻ ഞാൻ അവനോട് പറഞ്ഞു. കഴിക്കാൻ ഡൈനിങ്ങ് റൂമിൽ എത്തിയ ഞാൻ നാലോ അഞ്ചോ ഊണ് അട്ടിയിട്ട് മേശപുറത്തിരിക്കുന്നതാണ് കാണുന്നത്. ഞാൻ ചെന്നവഴിയെ കറികുറവാണെന്നും വേണമെങ്കിൽ എന്നോടല്ല പറയേണ്ടതെന്നും കാന്റീനിൽ വിളിച്ചു പരാതി പറയണമെന്നും അവൻ എന്നോട് പറഞ്ഞു.

 

അട്ടിയിട്ട് വെച്ചിരിക്കുന്ന ഊണുകളിൽ ബാക്കിയുള്ളത്, എന്നെ പോലെ തന്നെ മറ്റേതോ എം. എൽ. എ. മാർക്കുള്ളതാണെന്ന് തോന്നിയത് കൊണ്ട് അതെടുത്തോണ്ട് പോകാൻ അവനോട് പറഞ്ഞു. എടുക്കാതെ ഇറങ്ങി പോയ അവനെ തിരികെ വിളിച്ച് എടുത്തുകൊണ്ടുപോകാൻ പറഞ്ഞപ്പോൾ അതുമെടുത്ത് അവൻ ഇറങ്ങിപ്പോയി. ഇതിനുശേഷം നിവേദനവുമായി വന്നവരെ കണ്ടതിനു ശേഷം ഞാൻ കിടന്ന് ഉറങ്ങി. പിന്നീടറിയുന്നത് 6 മണിക്ക് ഈ ചാനലുകളിൽ കൂടി വന്ന വാർത്തകളാണ്. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നതിന് മുന്നേ മാധ്യമ സുഹൃത്തുക്കൾ എനിക്ക് മുന്നിൽ വന്ന് ചോദിക്കുന്നത് എന്തിനാണ് കാന്റീൻ ജീവനക്കാരനെ മർദിച്ചതെന്നാണ്, ഇത് കേട്ട് ഞാൻ അന്തിച്ചുപോയി . ഇതിനു പിന്നിൽ നടന്ന ഗൂഡാലോചന എന്തെന്ന് പിന്നീട് നടന്ന മാധ്യമ ചർച്ചകളുടെ ദ്ര്‌ശ്യങ്ങളിൽനിന്ന് തന്നെ ഏവർക്കും മനസ്സിലാകും.

 

2:05 മണിക്ക് നടന്ന ഈ സംഭവം ഈ കൊച്ചിനെ കൊണ്ട് 05:30 ആകുമ്പോഴേക്കും ഇങ്ങനെയല്ലാം പറയിപ്പിച്ചത് കെ എം മാണി സെക്രട്ടറിയേറ്റിനുമുന്നിൽ ഇന്നലെ നടത്തിയ പ്രഹസന സമരത്തിന് എത്തിയ കുറച്ച് നപുംസകങ്ങൾ ചേർന്നാണ്. ഈ കൊച്ചിനെ സെക്രട്ടറിയേറ്റിനുമുന്നിലെ കെ എം മാണിയുടെ സമര പന്തലിൽ എത്തിച്ചവരെയും, പിന്നീട് എം എൽ എ ഹോസ്റ്റലിനു മുന്നിൽ ചാനലുകാരെ വിളിച്ചുവരുത്തി ഈ പയ്യനെ കൊണ്ട് ഇങ്ങനെയെല്ലാം പറയിപ്പിച്ച്, അതിന് ശേഷം അയാളെ ആശുപത്രിയിൽ കൊണ്ടുപോയതും ഈ മാണി ഗ്രൂപ്പുകാരാണെന്നത് അന്വേഷണത്തിൽ വ്യക്തമാകും.

 

ഈ പയ്യന്റെ ഫോൺ കോൾ ലിസ്റ്റ് വിശദമായി പരിശോധിക്കുകയും ഇവനെ ആശുപത്രിയിലേക്ക് കൊണ്ട് പോയ വാഹനവും അതിലുണ്ടായിരുന്നവരെയും ഈ സമയത്തെല്ലാം അവനോടൊപ്പം ഉണ്ടായിരുന്ന ഈ മാണി ഗ്രൂപ്പ് പ്രവർത്തകരെയും ചോദ്യം ചെയ്‌താൽ ഇതിലെ ഗൂഡാലോചന എന്തെന്ന് മനസ്സിലാകും. ദുഖവും, അമർഷവുമുണ്ടെന്ന് ഞാൻ പറഞ്ഞത് മറ്റൊന്നും കൊണ്ടല്ല ആ കൊച്ചിനെ ഞാൻ തല്ലി എന്നതരത്തിൽ വർത്തവന്നപ്പോൾ അത് വിശ്വസിച്ചുപോയവർ ധാരാളമുണ്ട്. ദേഷ്യപ്പെട്ട് സംസാരിച്ചു എന്ന ഒരു നിസ്സാര കാര്യത്തെ വളരെ സമർത്ഥമായി രാഷ്ട്രീയ പ്രതിയോഗികൾ ഉപയോഗപ്പെടുത്തിയപ്പോൾ എന്നെ മനസ്സിലാക്കിയിട്ടുള്ള ഒരാൾ പോലും അത് വിശ്വസിച്ചു എന്ന് ചിന്തിക്കുന്നത് പോലും എന്നെ വേദനിപ്പിക്കും. കേരള ജനപക്ഷത്തിന്റെ അംഗത്വ വിതരണം തുടങ്ങി അത് വിജയകരമായി മുന്നോട്ട് പോകുന്ന ഈ അവസരത്തിൽ തന്നെ ഉണ്ടായ ഈ രാഷ്ട്രീയ ഗൂഡാലോചന, നമ്മൾ ശരിയായ ദിശയിലൂടെ തന്നെയാണ് മുന്നോട്ട് നീങ്ങുന്നത് എന്നതിന് ഉത്തമ ഉദാഹരണമാണ്. കേരള ജനപക്ഷം എന്ന സംഘടനയുടെ തുടക്കം അപ്പോൾ ഒട്ടും മോശമായില്ല എന്ന് നമുക്ക് ഉറച്ച് വിശ്വസിക്കാം…

 

എന്ന് നിങ്ങളുടെ പി. സി. ജോർജ്ജ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.