You are Here : Home / News Plus

നളിനി നെറ്റോ ചീഫ്‌ സെക്രട്ടറി

Text Size  

Story Dated: Sunday, April 02, 2017 11:43 hrs UTC

തിരുവനന്തപുരം:നാലാം വനിതാ ചീഫ്‌ സെക്രട്ടറിയായി നളിനി നെറ്റോ ചുമതലയേറ്റു. രാവിലെ സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തിയാണ്‌ ചുമതലയേറ്റത്‌. എസ്‌.എം. വിജയാനന്ദ്‌ വിരമിച്ച ഒഴിവിലാണ്‌ നളിനി നെറ്റോയുടെ നിയമനം. ആഗസ്റ്റ്‌ വരെയാണ്‌ ഇവരുടെ കാലാവധി.വിജിലന്‍സ്‌ ഡയറക്ടറായി വിരമിച്ച ഡെസ്‌മണ്ട്‌ നെറ്റോ ആണ്‌ ഭര്‍ത്താവ്‌. ഏക മകള്‍ അനിഷ നെറ്റോ ലണ്ടനില്‍ കംപാരറ്റീവ്‌ ലിറ്ററേച്ചറില്‍ പിഎച്ച്‌ഡി ചെയ്യുന്നു. നളിനിയുടെ പിതൃസഹോദരീ പുത്രി ഗിരിജ വൈദ്യനാഥനാണ്‌ ഇപ്പോള്‍ തമിഴ്‌നാട്‌ ചീഫ്‌ സെക്രട്ടറി. സംസ്ഥാനത്തെ 42-ാമത്തെ ചീഫ്‌ സെക്രട്ടറിയാണ്‌ നളിനി നെറ്റോ. പത്മ രാമചന്ദ്രനും നീല ഗംഗാധരനും ലിസി ജേക്കബിനുമാണ്‌ ഈ പദവിയിലിരുന്ന വനിതകള്‍. 1981 ബാച്ച്‌ ഐഎഎസ്‌ ഉദ്യോഗസ്ഥയായ നളിനി നെറ്റോ തിരുവനന്തപുരം ജില്ലാ കളക്ടര്‍, സംസ്ഥാന ടൂറിസം ഡയറക്ടര്‍, നികുതി, സഹകരണ, രജിസ്‌ട്രേഷന്‍, ജലസേചനം, ഗതാഗതം തുടങ്ങിയ വകുപ്പുകളില്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

 

 

ഒന്‌പതു വര്‍ഷം സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസറായിരുന്നു. 2006, 2011 വര്‍ഷങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും 2009, 2014 വര്‍ഷങ്ങളിലെ ലോക്‌സഭാ തെരഞ്ഞെടുപ്പുകളും നളിനി നെറ്റോ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസറായിരിക്കെയാണു നടന്നത്‌. 2015ല്‍ ആഭ്യന്തര വകുപ്പ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയായി. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റശേഷം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധികച്ചുമതലയും വഹിച്ചു. രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ നളിനി ഒരു വര്‍ഷം തിരുവനന്തപുരം ഓള്‍ സെയിന്‍റ്‌സ്‌ കോളജില്‍ അധ്യാപികയായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.