You are Here : Home / News Plus

മഹിജയുടെ കുടുംബത്തിന്റെ സമരം ആവശ്യമില്ലാത്തതായിരുന്നുവെന്ന് കോടിയേരി

Text Size  

Story Dated: Saturday, April 15, 2017 08:31 hrs UTC

 ജിഷ്‌ണു കേസുമായി ബന്ധപ്പെട്ട് ഡിജിപി ഓഫീസിന് മുന്നില്‍ നടത്തിയ സമരം ആവശ്യമില്ലാത്തതായിരുന്നുവെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ജിഷ്‌ണുകേസില്‍ സര്‍ക്കാരിന് വീഴ്‌ച ഉണ്ടായിട്ടില്ല. ഡിജിപി ഓഫീസിന് മുന്നില്‍ സമരം നിരോധിച്ചത് ആന്റണി സര്‍ക്കാരാണ്. അതിനുശേഷം അവിടെ സമരം നടന്നിട്ടില്ലായിരുന്നു. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ജിഷ്‌ണുവിന്റെ കുടുംബത്തിന് ചില പരാതികളുണ്ടായിരുന്നു. അത് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ബോധ്യപ്പെടുത്തുകയും ചെയ്‌തു. എന്നാല്‍ അതിന് ശേഷം എന്തെങ്കിലും ആക്ഷേപമുണ്ടായിരുന്നെങ്കില്‍ അത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തണമായിരുന്നു. അതിന് പകരം ഡിജിപി ഓഫീസിന് മുന്നില്‍ സമരത്തിന് പോകുകയായിരുന്നു. ആ സമരം ചിലര്‍ മുതലെടുക്കുകയുമായിരുന്നു. ശത്രുക്കള്‍ക്ക് മുതലെടുക്കാനുള്ള സാഹചര്യം ഇടത് നേതാക്കള്‍ സൃഷ്‌ടിക്കാന്‍ പാടില്ല. പ്രതിപക്ഷത്തിന് ആയുധം നല്‍കുന്ന അവസ്ഥ ഇടതുനേതാക്കളില്‍നിന്ന് ഉണ്ടാകരുതെന്നും കണ്ണൂരില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വ്യത്യസ്ത അഭിപ്രായങ്ങള്‍ മുന്നണിക്കകത്തോ ഉഭയകക്ഷി ചര്‍ച്ചയോ നടത്തി പരിഹരിക്കണമെന്നും കോടിയേരി പറഞ്ഞു. ഇടതു മുന്നണിയിലും വലതുമുന്നണിയിലും പ്രവര്‍ത്തിച്ച് അനുഭവ പരിചയമുള്ള സിപിഐയ്‌ക്ക് എന്തെങ്കിലും അപാകതകള്‍ ഉണ്ടെങ്കില്‍ അത് മുന്നണിയുടെ ശ്രദ്ധയില്‍പ്പെടുത്തണം. ഇടതുമുന്നണി ശക്തിപ്പെടുത്തുന്ന നിലപാടുകളുമായി യോജിച്ച് മുന്നോട്ടുപോകാനാണ് സിപിഐയും സിപിഐഎമ്മും ശ്രമിക്കേണ്ടതെന്നും കോടിയേരി പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.