പ്രാഥമികാന്വേഷണഘട്ടത്തില്‍ ബാര്‍ കോഴക്കേസില്‍ ഇടപെടാനാവില്ലെന്ന് ഹൈകോടതി. അഴിമതിക്കേസുകളില്‍ പ്രാഥമികാന്വേഷണത്തിന് ശേഷം മാത്രമേ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം സാധ്യമാകൂവെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഒരാഴ്ചക്കകം ധനമന്ത്രി കെ.എം. മാണിക്കെതിരെ കേസ് എടുക്കണോയെന്ന് വിജിലന്‍സ് ഡയറക്ടര്‍ തീരുമാനിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിന് സര്‍ക്കാറുമായി കൂടിയാലോചനയുടെ ആവശ്യമില്ല.
ഈ ഘട്ടത്തില്‍ കോടതിയുടെ ഇടപെടല്‍ ആവശ്യമില്ലെന്ന് വ്യക്തമാക്കിയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് അശോക്ഭൂഷണ്‍, ജസ്റ്റിസ് എ. എം. ഷഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്‍െറ ഉത്തരവ്. അന്വേഷണത്തില്‍ കോടതിയുടെ നിരീക്ഷണം വേണമെന്ന ആവശ്യവും ഡിവിഷന് ബെഞ്ച് തള്ളി. പ്രാഥമികാന്വേഷണത്തിന് 45 ദിവസം അനുവദിച്ച നടപടി ചോദ്യംചെയ്തും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടും എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വനും വി.എസ് സുനില്‍കുമാര്‍ എം.എല്‍.എയും നല്കിയ ഹരജികള്‍ തീര്‍പ്പാക്കിയാണ് ഉത്തരവ്.
Comments