കേന്ദ്രമന്ത്രി ശശി തരൂരുമായുള്ള ബന്ധം നിഷേധിച്ച് പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാര്‍. മൂന്നു തവണ വിവാഹിതനായ ആളുമായി സ്നേഹബന്ധത്തിലാകാന് താന്‍ ടീനേജുകാരിയല്ലെന്നും 45കാരിയായ മെഹര്‍ പറഞ്ഞു. തരൂരിനെ തനിക്ക് പരിചയമുണ്ടെന്ന് മെഹര്‍ പറഞ്ഞു. ട്വിറ്ററില്‍ അക്കൌണ്ട് തുടങ്ങിയ കാലം മുതല്‍ തരൂരിനെ പിന്തുടരുന്നു. ക്രിക്കറ്റ്, പുസ്തകങ്ങള്‍, അദ്ദേഹത്തിന്റെ നാടായ കേരളം തുടങ്ങിയ വിഷയങ്ങളെപ്പറ്റി അദ്ദേഹവുമായി ട്വീറ്റ് ചെയ്യാറുണ്ട്. 2013 മാര്‍ച്ച് മുതലാണ് ട്വീറ്റ് ചെയ്യാന്‍ തുടങ്ങിയത്. എന്നാല്‍ അതിന്റെ പേരില്‍ തെറ്റിദ്ധാരണകള്‍ പാടില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.ഫോണ്‍ വഴിയും ഇമെയില്‍ വഴിയും തരൂരുമായി ബന്ധപ്പെടാറുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ തരൂരുമായി അഭിമുഖം നടത്താന്‍ ഇന്ത്യയില്‍ എത്തുകയും ചെയ്തിരുന്നു. ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ ഓഫീസില്‍വച്ചായിരുന്നു അഭിമുഖം. 45 മിനിറ്റ് നീണ്ടുനിന്നു. കാറില്‍വച്ചും അഭിമുഖം തന്നിരുന്നു. ഇന്ത്യയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു പുസ്തകം എഴുതുന്നതിനായാണ് തരൂരുമായി അഭിമുഖം നടത്തിയത്. എന്നാല്‍ വിവാദങ്ങള്‍ സൃഷ്ടിക്കത്തക്ക ഒന്നും തന്നെ ഉണ്ടായിട്ടില്ല-മെഹര്‍ പറഞ്ഞു.പാകിസ്ഥാനിലെ ഡെയ്ലി ടൈംസിന്റെ മുന്‍ എഡിറ്ററും കോളമിസ്റ്റുമാണ് മെഹര്‍.
Comments