ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് സമീപ കാലത്തായി സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണ്. പോസ്റ്റുകളിലൂടേയും ട്വീറ്റുകളിലൂടേയും ജനങ്ങളുമായി കൂടുതല്‍ അടുത്ത് ഇടപഴകാനുള്ള രാഹുലിന്റെ ശ്രമങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയാണ്. ഇപ്പോഴിതാ വിമാനത്തില്‍ കയറാന്‍ വരിയില്‍ കാത്തു നില്ക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സാധാരണ യാത്രികര്‍ക്കൊപ്പം വിമാനത്തില്‍ കയറാനായി വരി നിന്നത് രാഹുലിന്റെ ലാളിത്യമായാണ് കോണ്‍ഗ്രസുകാരും സോഷ്യല്‍ മീഡിയയും ചിത്രത്തെ ഉയര്‍ത്തിക്കാണിക്കുന്നത്. അതേസമയം, തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടുള്ള ഗിമിക്ക് ആണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ഇന്‍ഡിഗോയുടെ ബോര്‍ഡിങ് ക്യൂവില്‍ നില്ക്കുന്ന രാഹുലിന്റെ ഫോട്ടോ ഇന്‍ഡിഗോ അധികൃതരാണ് ട്വീറ്റ് ചെയ്തത്. ഗുജറാത്തിലെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പിനായി ദല്‍ഹിയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോവുകയായിരുന്നു രാഹുല്‍. അമ്മ സോണിയ ഗാന്ധിക്ക് ജന്മദിനത്തില് ആശംസ നേരാനാണ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്ന രാഹുല്‍ ഗാന്ധി ശനിയാഴ്ച രാവിലെ ദല്‍ഹിയിലേക്ക് പുറപ്പെട്ടത്. ദല്‍ഹിയില്‍ നിന്ന് തിരികെ അഹമ്മാദാബാദിലേക്ക് മടങ്ങുമ്പോഴാണ് ബോര്‍ഡിങ് സമയത്ത് വി.വി.ഐ.പി പരിഗണന ഉപയോഗപ്പെടുത്താതെ രാഹുല്‍ ക്യൂവില്‍ സഹ യാത്രികര്‍ക്കൊപ്പം നിന്നത്.
Comments