പാനൂര്‍ പെരിങ്ങത്തൂരില്‍ സ്വകാര്യ ബസ് മയ്യഴിപ്പുഴയിലേക്ക് മറിഞ്ഞ് ഒരു സ്ത്രീയടക്കം മൂന്ന് പേർ മരിച്ചു. കൂത്തുപറമ്പ് സ്വദേശി പ്രജിത്ത്, ജിതേഷ്, ഹേമലത എന്നിവരാണ് മരിച്ചത്.പരിക്കറ്റ ഡ്രൈവർ കതിരൂർ സ്വദേശി ദേവദാസിനെയും മറ്റ് രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാംഗ്ലൂരിൽ നിന്ന് പാനൂർ, പാറക്കൽ, തൂണേരി, പെരിങ്ങത്തൂർ വഴി തലശ്ശേരിയിലേക്ക് വന്ന ലാമ ബസ്സാണ് അപകടത്തിൽ പെട്ടത്. രാവിലെ 5.45 ഓടു കൂടി പെരിങ്ങത്തൂർ പാലത്തിന്റെ കൈവേലി തകർത്ത് ബസ് പുഴയിലേക്ക് മറിയുകയായിരുന്നു. യാത്രക്കാരെ മുഴുവൻ ഇറക്കിയ ശേഷം ജീവനക്കാർ ബസ്സുമായി തലശ്ശേരി ഭാഗത്തേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. അപകട സമയത്ത് താനടക്കം ആറു പേർ മാത്രമേ ബസ്സിലുണ്ടായിരുന്നുള്ളുവെന്നാണ് ഡ്രൈവർ അറിയിച്ചത്.
Comments