ഓഖി ദുരന്തബാധിതരെ സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തും. ഓഖി ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച ലക്ഷദ്വീപിൽ സന്ദർശനം നടത്തിയ ശേഷമാകും പ്രധാനമന്ത്രി കേരളത്തിലെത്തുകയെന്നാണ് വിവരം. രണ്ട് ദിവസമാകും പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.
പ്രധാനമന്ത്രി ദുരിതബാധിതരെ സന്ദർശിക്കണമെന്ന് ലത്തീൻ സഭാ നേതൃത്വം ഉൾപ്പെടെയുള്ളവർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിലെയും തമിഴ്നാട്ടിലെയും ഓഖി ദുരിതബാധിതരെ സന്ദർശിച്ചതിനു പിന്നാലെയാണ് പ്രധാനമന്ത്രിയും സംസ്ഥാനത്ത് എത്തുന്നത്. സംസ്ഥാനത്തെത്തിയ രാഹുൽ ഗാന്ധി പൂന്തുറ, വിഴിഞ്ഞം തീരങ്ങളിലാണ് ദുരന്തബാധിതരെ കണ്ടത്. ഇവിടങ്ങളിൽ വൻ ജനക്കൂട്ടമാണ് രാഹുലിനെ സ്വീകരിക്കാനും ആവലാതികൾ അറിയിക്കാനുമായി എത്തിയത്. തുടർന്ന് കന്യാകുമാരി ജില്ലയിലെ ഓഖി ദുരന്തബാധിതരെയും രാഹുൽ സന്ദർശിച്ചിരുന്നു.
പ്രതിരോധമന്ത്രി നിർമല സീതാരാമനാണ് കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായി മുൻപ് സംസ്ഥാനം സന്ദർശിച്ചത്. ദുരന്തമുണ്ടായതിനു പിന്നാലെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി ഇവിടെയെത്തിയ മന്ത്രി, കാണാതായ അവസാന മൽസ്യത്തൊഴിലാളിയേയും കണ്ടെത്തുന്നതുവരെ തിരച്ചിൽ തുടരുമെന്ന് ഉറപ്പുനൽകിയാണ് മടങ്ങിയത്.
Comments