മുംബൈ: ഗുജറാത്തില്‍ ബി.ജെ.പി പരാജയപ്പെടുമെന്ന് മഹാരാഷ്ട്രയില്‍ നിന്നുള്ള ബി.ജെ.പി എം.പി സഞ്ജയ്കകാഡെ പറഞ്ഞു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ സീറ്റ് ബി.ജെ.പിക്ക് ലഭിക്കില്ലെന്നും രാജ്യസഭാംഗമായ കകാഡെ പറഞ്ഞു. സമ്പൂര്‍ണ ഭൂരിപക്ഷം മറന്നേക്കൂ. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ സീറ്റുകള്‍ പോലും പാര്‍ട്ടിക്ക് കിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷത്തിന് അടുത്ത് സീറ്റുകള്‍ ലഭിക്കുമെന്നും കകാഡെ കൂട്ടിച്ചേര്‍ത്തു. താന്‍ നിയോഗിച്ച ഒരു സംഘം ഒരു സര്‍വേ നടത്തിയിരുന്നെന്നും അതിന്റെ അടിസ്ഥാനത്തിലാണ് താനിത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ആറ് പേരുള്‍പ്പെട്ട സംഘമാണ് തനിക്ക് വേണ്ടി ഗുജറാത്തില്‍ സര്‍വേ നടത്തിയത്. അവര്‍ ഗ്രാമീണ മേഖലകളിലൂടെ സഞ്ചരിച്ച് കര്‍ഷകരോടും മറ്റ് തൊഴിലാളികളോടും സംസാരിച്ചു. അവര്‍ നടത്തിയ സര്‍വേയുടേയും തന്റെ നിരീക്ഷണത്തിന്റേയും അടിസ്ഥാനത്തിലാണ് താനിത് പറയുന്നതെന്ന് എം.പി പറഞ്ഞു. ഇനി ഗുജറാത്തില്‍ ബി.ജെ.പി വിജയിച്ചാല്‍ അതിന് കാരണം നരേന്ദ്ര മോഡി മാത്രമായിരിക്കുമെന്ന് കകാഡെ പറഞ്ഞു. 22 വര്‍ഷമായി ബി.ജെ.പിയാണ് ഗുജറാത്ത് ഭരിക്കുന്നത്. ഇത്തവണ ഭരണം നിലനിര്‍ത്താന്‍ ബി.ജെ.പി പേരാടുമ്പോള്‍ തിരിച്ചു വരവിനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. നാളെയാണ് വോട്ടെണ്ണല്‍.
Comments