ചെന്നൈ: തിരഞ്ഞെടുപ്പിന്റെ ആദ്യ മൂന്ന് ഘട്ട ഫലവും പുറത്ത് വന്നപ്പോള്‍ വ്യക്തമായ ലീഡാണ് ദിനകരനുള്ളത്. തമിഴ്നാട് സര്‍ക്കാരിനെതിരായ ജനവിധിയാണ് ആര്.കെ നഗറിലേത്. മൂന്ന് മാസത്തിനുള്ളില്‍ എടപ്പാടി കെ.പളനിസാമി-ഒ.പനീര്‍ശെല്‍വം മന്ത്രിസഭ താഴെ വീഴും. തമിഴ്നാട്ടിലെ ജനങ്ങളുടെ മനസ്സാണ് ജനവിധിയില്‍ നിന്നും വ്യക്തമാവുന്നതെന്നും ദിനകരന് പറഞ്ഞു. ഏറ്റവും ഒടുവില്‍ ഫലം വരുമ്പോള്‍ ദിനകരന് 15868 വോട്ട് നേടി എ.ഐ.എ.ഡി.എം.കെയുടെ എതിര് സ്ഥാനാര്‍ഥി ഇ.മധുസൂധനനേക്കാള് 8835 വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ മുന്നിലാണ്. വിജയം ടി.ടി.വിക്കൊപ്പമാണെന്ന് കണ്ടതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടാക്കാന്‍ വരെ എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. ഏറെ നേരം വോട്ടെണ്ണല്‍ തടസ്സപ്പെട്ടെങ്കിലും പിന്നീട് പുനരാരംഭിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ഇല്ലാതായതോടെ രണ്ടില ചിഹ്നത്തിന് പകരം പ്രഷര്‍കുക്കര്‍ ചിഹ്നത്തിലാണ് ദിനകരന് ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. യഥാര്‍ഥ പാര്‍ട്ടി തങ്ങളാണെന്ന് വാദിച്ചായിരുന്നു എ.ഐ.എ.ഡി.എം.കെ ചിഹ്നവും പാര്‍ട്ടിയും സ്വന്തമാക്കിയത്.
Comments